തിരുപ്പരൻകുണ്ഡ്രം ദീപംതെളിക്കൽ വിവാദം; തർക്കസ്ഥലത്തേക്ക് പോകാൻശ്രമിച്ച തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
നൈനാർ നാഗേന്ദ്രൻ, ക്ഷേത്രത്തിനു മുന്നിലെ പോലീസ് സുരക്ഷ  | ഫോട്ടോ - എ.എൻ.ഐ., പി.ടി.ഐ.
നൈനാർ നാഗേന്ദ്രൻ, ക്ഷേത്രത്തിനു മുന്നിലെ പോലീസ് സുരക്ഷ | ഫോട്ടോ - എ.എൻ.ഐ., പി.ടി.ഐ.

മധുര: തിരുപ്പരൻകുണ്ഡ്രം കാർത്തിക ദീപ വിവാദത്തെത്തുടർന്ന് തർക്കസ്ഥലത്തേക്ക് പോകാൻ ശ്രമിച്ച ബി.ജെ.പി. തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ പോലീസ് അറസ്റ്റുചെയ്തു. നേരത്തേ വീട്ടുതടങ്കലിലാക്കിയ അദ്ദേഹത്തെ, സുരക്ഷാ ബന്ധവസ്സ് മാറ്റിയതിനെത്തുടർന്ന് തിരുപ്പരൻകുണ്ഡ്രത്തിലേക്ക് പോവുന്നവഴി തിരുനെൽവേലി താഴെയൂരിൽവെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രമസമാധാനപാലനവും പ്രശ്‌നസാധ്യതകളും മുൻനിർത്തി നൈനാർ നാഗേന്ദ്രനു പുറമേ അഞ്ഞൂറോളം ഹിന്ദു മുന്നണി, ബി.ജെ.പി. നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

തിരുപ്പരൻകുണ്ഡ്രം കുന്നിന് മുകളിൽ കാർത്തികദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതിനു പിന്നാലെ നടത്തിയ സുരക്ഷാ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. ചൊവ്വാഴ്ചയാണ് കാർത്തിക ദീപാഘോഷം. ബി.ജെ.പി. നേതാക്കളായ രാജസിംഹ, വിനോജ് എന്നിവരെയും മലയിലേക്ക് പോകുന്നതിൽനിന്ന് തടഞ്ഞതായാണ് റിപ്പോർട്ട്.

സംഘർഷസാധ്യത കണക്കിലെടുത്ത് 5,600-ലധികം പോലീസുകാരെ വിന്യസിക്കുകയും മധുരയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എഴുന്നൂറിലധികം സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചു. സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ബോംബ് നിർവീര്യസേന പരിശോധന നടത്തുന്നുമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തിങ്കളാഴ്ച ചെന്നൈയിലെ സെക്രട്ടേറിയറ്റിൽ ഉന്നത പോലീസ്-നിയമ ഉദ്യോഗസ്ഥരുമായി തുടർനടപടികൾ സംബന്ധിച്ച ചർച്ച നടത്തി.

തിങ്കളാഴ്ച രാത്രി ഒൻപതുമുതൽ നവംബർ 25-ന് രാവിലെ 10വരെയാണ് നിയന്ത്രണങ്ങൾ. മധുരയിൽനിന്നും സമീപ ജില്ലകളിൽനിന്നുമുള്ള രണ്ട് സമുദായങ്ങളിലെ അംഗങ്ങൾ സംഘടിച്ചെത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ, ക്ഷേത്രഭരണസമിതി നടത്തുന്ന അംഗീകൃത മതപരമായ ചടങ്ങുകൾക്ക് ഇളവുണ്ട്.

നവംബർ 20-ലെ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള നടപടികൾക്കും നിലവിലുള്ള മതപരമായ ആചാരങ്ങൾക്കും തടസ്സമുണ്ടാവില്ല. മലമുകളിലെ ദർഗയിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനവും പൊലീസ് നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിച്ചിട്ടുണ്ട്.

തിരുപ്പരൻകുണ്ഡ്രം മലയിലെ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള പുരാതന ശിലാസ്തംഭമായ ദീപത്തൂണിൽ ദീപംതെളിയിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം. 2025 നവംബറിൽ നിയമ-ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അന്നത്തെ ഡി.എം.കെ. സർക്കാർ ദീപം തെളിയിക്കാൻ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ ഭക്തനായ രാമ രവികുമാർ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ദീപം തെളിയിക്കാൻ അനുമതി നൽകണമെന്ന് ഉത്തരവിട്ടു.

ഹൈക്കോടതി ഉത്തരവിനെതിരേ ടി.വി.കെ. സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നവംബർ 20-ന് കേസ് പരിഗണിച്ച സുപ്രീംകോടതി നവംബർ 24-ന് ഒരുദിവസം ദീപത്തൂണിൽ ദീപം തെളിയിക്കാൻ അനുമതി നൽകി.