ദീപം തെളിയിക്കല്‍: മധുരയിലെ തിരുപ്പരങ്കുണ്‍ട്രത്ത് സംഘര്‍ഷം; ബിജെപി പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന് അറസ്റ്റില്‍

ചെന്നൈ: മധുരയിലെ തിരുപ്പരങ്കുണ്‍ട്രത്ത് കാര്‍ത്തികദീപം തെളിയിക്കലുമായി ബന്ധപ്പെട്ട് സംഘര്‍ഷം തുടരുന്നു. തിരുപ്പരങ്കുണ്ട്രം മലമുകളിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കാര്‍ത്തികദീപം തെളിയിക്കലുമായി ബന്ധപ്പെട്ട് സംഘര്‍ഷം തുടരുകയാണ്.
ഇതുവരെ തിരുപ്പരങ്കുണ്‍ട്രത്ത് സുബ്രഹ്മണ്യന് സ്വാമി ക്ഷേത്രത്തിന്റെ പരിധിയിലുള്ള മലമുകളിലാണ് കാര്‍ത്തികദീപം തെളിയിച്ചിരുന്നത്. തിരുപ്പുരങ്കുണ്ട്രത്ത് സുബ്രഹ്മണ്യന് സ്വാമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കടുത്തുള്ള ദീപത്തൂണില്‍ കാര്‍ത്തികദീപം ഏറ്റാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിരുപ്പരങ്കുണ്‍ട്രത്ത് ഏതാനുംപേര്‍ ചേര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചിരുന്നു. കോടതി കഴിഞ്ഞദിവസം വാദം കേള്‍ക്കവെ ജസ്റ്റിസ് സ്വാമിനാഥന് സിക്കന്ദര്‍ ദര്‍ഗയുടെ ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ അനുമതിനല്‍കിയിരുന്നു.
സര്‍ക്കാര്‍ ദീപം തെളിയിക്കാന്‍ അനുമതിനല്കിയിരുന്നില്ല. ദീപം തെളിയിക്കാനെത്തിയ ഹിന്ദുമുന്നണി പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് മാറ്റിയിരുന്നു. വ്യാഴാഴ്ച ദീപം തെളിയിക്കാന്‍ അനുമതിചോദിച്ചുകൊണ്ടുള്ള ഹര്‍ജി വീണ്ടും പരിഗണനയ്ക്കുവന്നപ്പോള്‍ വെള്ളിയാഴ്ച രാവിലെ പത്തുമണിക്കുള്ളില്‍ ദീപം തെളിയിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി ജസ്റ്റിസ് മധുര കളക്ടര്‍, സിറ്റി പോലീസ് കമ്മിഷണര്‍, ക്ഷേത്രത്തിന്റെ പ്രതിനിധി എന്നിവരില്‍നിന്ന് ഓണ്‍ലൈനില്‍ വിശദീകരണം തേടിയിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ദീപം തെളിയിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പത്തുപേര്‍ മാത്രം സിക്കന്ദര്‍ ബാദുഷ ദര്‍ഗയുടെ പരിധിയിലുള്ള ദീപത്തൂണില്‍ ദീപം തെളിയിക്കാനായിരുന്നു ഉത്തരവിട്ടത്.
എന്നാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്, ബിജെപി നേതാവായ എച്ച്. രാജ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ അണിനിരന്നു. വ്യാഴാഴ്ച രാത്രിയോടെ ക്ഷേത്രവും പരിസരവും സംഘര്‍ഷഭരിതമായി. ഇതുവരെ ക്ഷേത്രത്തിന്റെ പരിധിയിലുള്ള മലമുകളിലെ ദീപത്തൂണിലാണ് ദീപം തെളിയിച്ചിരുന്നത്. മാത്രമല്ല ഇതുസംബന്ധിച്ച് 1996, 2014, 2016 എന്നീ വര്‍ഷങ്ങളില്‍ മദ്രാസ് ഹൈക്കോടതി ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണനയ്ക്കുവന്നപ്പോള്‍ ക്ഷേത്രപരിധിയിലുള്ള ദീപത്തൂണില്മാത്രമേ ദീപം തെളിയിക്കാന്‍ പാടുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിധികള്‍ നിലനില്ക്കുമ്പോള് ഇപ്പോള്‍ എങ്ങനെ സിക്കന്ദര്‍ ബാദുഷയുടെ ദീപത്തൂണില്‍ അനുമതിനല്‍കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ചോദിക്കുന്നു.
ഹൈക്കോടതി വ്യാഴാഴ്ച പുറപ്പെടുവിച്ച വിധിക്കെതിരേ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും അപ്പീല്‍ ഹര്‍ജിയില്‍ പരിഗണിക്കുന്നതുവരെ ദീപം തെളിയിക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് നൈനാര്‍ നാഗേന്ദ്രനെയും ഏതാനും പ്രവര്‍ത്തകരെയും അറസ്റ്റുചെയ്തെങ്കിലും രാത്രി വൈകിയും സംഘര്‍ഷം തുടരുകയാണ്.
Content Highlights: Tensions flare in Madurai over Karthigai Deepam lighting at Thirupparankundram, with a court order allowing it near a Dargah causing protests.