പുലർച്ചെ ജെ.സി.ബി.യുമായി റോഡിലിറങ്ങി 17-കാരന്റെ പരാക്രമം; വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു, വൻ നാശനഷ്ടം

മധുര: മണ്ണുമാന്തി യന്ത്രവുമായി റോഡിലിറങ്ങിയ 17-കാരന്‍ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളും ബൈക്കുകളും കാറുമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുതെറിപ്പിച്ചത്. റോഡരികിലെ കെട്ടിടത്തിന്റെ ഒരുഭാഗവും റോഡിലെ സൂചനാബോര്‍ഡുകളും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്തു. സംഭവത്തില്‍ 17-കാരനെ പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
തമിഴ്‌നാട്ടിലെ മധുരയിലെ സെല്ലൂരിലായിരുന്നു സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് 17-കാരന്‍ ജെ.സി.ബി. സ്റ്റാര്‍ട്ട് ചെയ്ത് റോഡിലൂടെ ഓടിച്ചത്. പിന്നാലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഏകദേശം അരക്കിലോമീറ്ററോളം ദൂരം 17-കാരന്‍ ജെ.സി.ബി.യുമായി പരാക്രമം കാട്ടി. ഒരു സെക്യൂരിറ്റി ജീവനക്കാരന് നേരേയും ഇയാള്‍ ജെ.സി.ബി. ഓടിച്ചുകയറ്റാന്‍ ശ്രമിച്ചു. ഇതോടെ നാട്ടുകാര്‍ സംഘടിച്ച് കൗമാരക്കാരനെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തില്‍ 17-കാരനെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. എന്തെങ്കിലും ലഹരി ഉപയോഗിച്ചാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഇയാൾ പരാക്രമം കാട്ടിയതെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: A 17-year-old in Madurai, Tamil Nadu, caused significant damage using a JCB