പ്രായപൂർത്തിയാകാത്ത മക്കളെ ബലപ്രയോഗത്തിലൂടെ അച്ഛന് ഏറ്റെടുക്കാനാവില്ല- മദ്രാസ് ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം- മെറ്റ എഐ ഉപയോഗിച്ച് നിർമിച്ചത്.
പ്രതീകാത്മകചിത്രം- മെറ്റ എഐ ഉപയോഗിച്ച് നിർമിച്ചത്.

ചെന്നൈ: രക്ഷിതാവാണെങ്കിൽക്കൂടിയും അച്ഛന് നിർബന്ധിച്ചോ ബലപ്രയോഗത്തിലൂടെയോ, പ്രായപൂർത്തിയാകാത്ത മക്കളെ ഏറ്റെടുക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.

ബലപ്രയോഗത്തിലൂടെ ഭർത്താവ് ഏറ്റെടുത്ത രണ്ടരവയസ്സുള്ള കുഞ്ഞിനെ വിട്ടുതരാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ വനിതാഡോക്ടർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

പിതാവും സ്വാഭാവിക രക്ഷിതാവുമാണെങ്കിൽക്കൂടിയും രണ്ടരവയസ്സുമാത്രമുള്ള കുട്ടിയെ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം ഘട്ടങ്ങളിൽ നിയമാനുസൃതമായി പ്രവർത്തിക്കണം. അതിനാൽ കുട്ടിയെ അമ്മയ്ക്കുകൈമാറാൻ ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്ര, ജസ്റ്റിസ് ബി. കാർത്തികേയൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

2021 ജനുവരി 21-നാണ് ഹർജിക്കാരിയും പുതുച്ചേരി സ്വദേശിയായ ഡോക്ടറും വിവാഹിതരായത്. 2023-ലും 2024-ലുമായി ഇവർക്ക് രണ്ടു കുട്ടികൾ ജനിച്ചു. പിന്നീട് ഭർത്താവിന്റെ പീഡനംമൂലം യുവതി അമ്മയോടൊപ്പം താമസമാക്കുകയും വിവാഹമോചനത്തിനായി കുടുംബകോടതിയിൽ ഹർജി നൽകുകയും ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റിൽ ഭർത്താവ്, അവരുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും ഫലമില്ലാതായപ്പോഴാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: Madras High Court ruled that fathers cannot take minor children by force, even as natural guardians., Order issued on a habeas corpus petition filed by a Chennai-based woman doctor., Court directed the husband to hand over the 2.5-year-old child back to the mother.