വിവാഹിതർ ലിവ് ഇൻ റിലേഷനിലായാൽ 5 വർഷം വരെ തടവ്; മധ്യപ്രദേശിൽ ഏക സിവിൽ കോഡുമായി സർക്കാർ

ഭോപ്പാൽ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിർണായക നിയമനിർമാണത്തിന് മധ്യപ്രദേശ് സർക്കാർ. വിവാഹം, അനന്തരാവകാശം, ലിവ്-ഇൻ റിലേഷൻ എന്നിവ സംബന്ധിച്ച പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള നിയമത്തിൽനിന്ന് പട്ടികവർഗ വിഭാഗങ്ങളെ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകിയത്. സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കാനാണ് ഈ നിയമമെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ, സംരക്ഷിത മേഖലകളിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗങ്ങളെയും ഗോത്രവിഭാഗങ്ങളെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം, വിവാഹിതനായ ഒരാൾ പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ റിലേഷനിൽ ഏർപ്പെട്ടാൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കും.
വിവാഹമോചന നിയമനടപടികൾ കോടതി ഉത്തരവ് വഴി മാത്രമേ സാധുവാകൂ. പുരുഷന്മാർക്ക് വിവാഹത്തിനുള്ള കുറഞ്ഞ പ്രായം ഇരുപത്തിയൊന്നും സ്ത്രീകൾക്ക് പതിനെട്ടു വയസ്സുമാണ്. കൂടാതെ, പഞ്ചായത്ത് മുതൽ മുനിസിപ്പൽ കോർപ്പറേഷൻ വരെയുള്ള എല്ലാ തലങ്ങളിലും വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്ന് മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി.
"എല്ലാവർക്കും തുല്യ അവകാശം ഉറപ്പാക്കാനാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവന്നിരിക്കുന്നത്. നിയമവുമായി ബന്ധപ്പെട്ട് ചിലർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും എൺപതു ശതമാനത്തോളം മുസ്‌ലിം സ്ത്രീകളും ഇതിനെ പിന്തുണച്ചു," മുഖ്യമന്ത്രി പറഞ്ഞു.
സ്വത്തു തർക്കങ്ങളിലും അനന്തരാവകാശത്തിലും ഇനിമുതൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമായിരിക്കും. ലിവ്-ഇൻ റിലേഷനിൽ കഴിയുന്ന ദമ്പതികളിൽ പുരുഷന് ഇരുപത്തിയൊന്നും സ്ത്രീക്ക് പതിനെട്ടും വയസ്സ് പൂർത്തിയായിരിക്കണം. ഒരുമിച്ച് ജീവിച്ചു തുടങ്ങി ഒരു മാസത്തിനുള്ളിൽ അവർ ബന്ധം രജിസ്റ്റർ ചെയ്തിരിക്കണമെന്നതും നിർബന്ധമാണ്.
സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുക, എല്ലാവർക്കും തുല്യാവകാശം ഉറപ്പാക്കുക, വിവേചനപരമായ ആചാരങ്ങൾ അവസാനിപ്പിച്ച് സാമൂഹിക ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ഏകീകൃത സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി മോഹൻ യാദവ് കൂട്ടിച്ചേർത്തു.
അതേസമയം, നിയമത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ തൊഴിലില്ലായ്മ, കർഷകരുടെ ദുരിതം, വിലക്കയറ്റം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി സർക്കാർ ഏകീകൃത സിവിൽ കോഡ് ധൃതിപിടിച്ച് കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമംഗ് സിംഘാർ ആരോപിച്ചു.
Content Highlights: Madhya Pradesh cabinet approves Uniform Civil Code (UCC)., Mandatory registration for live-in relationships within one month., 5-year imprisonment for married individuals entering unauthorized live-in relationships., Equal inheritance rights for sons and daughters., Tribal communities in protected areas are exempted from the law.