850 കോടിയുടെ പദ്ധതി, 7 പ്രതിമകളിൽ ആറും തകർന്നു; BJP സർക്കാരിനെതിരേ '50%കമ്മീഷൻ' ആരോപണവുമായി കോൺഗ്രസ്

മധ്യപ്രദേശ് കോൺഗ്രസ് ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ച ചിത്രം | Photo: https://twitter.com/INCMP
മധ്യപ്രദേശ് കോൺഗ്രസ് ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ച ചിത്രം | Photo: https://twitter.com/INCMP

ഭോപ്പാൽ: മധ്യപ്രദേശിൽ സപ്തർഷി പ്രതിമകൾ തകർന്ന സംഭവത്തിൽ മധ്യപ്രദേശ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു. ഉജ്ജയ്ൻ മഹാകാൽ ക്ഷേത്ര ഇടനാഴിയിൽ കോടികൾ ചെലവഴിച്ച് നിർമ്മിച്ച ഏഴ് പ്രതിമകളിൽ ആറെണ്ണമാണ് തകർന്നത്. പ്രതിമ നിർമാണത്തിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

സാങ്കേതിക വിദഗ്ധരടങ്ങുന്ന മധ്യപ്രദേശ് ലോകായുക്ത സംഘമാണ് സംഭവസ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തുന്നത്. എഫ്.ആർ.പി. (fibre-reinforced plastic) കൊണ്ടുള്ള പ്രതിമ സ്ഥാപിക്കാൻ ആരാണ് തീരുമാനം എടുത്തത്, എവിടെവെച്ചാണ് പ്രതിമ നിർമ്മിച്ചത്, പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ഉറപ്പുള്ള സ്ഥലത്തായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അടക്കം അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കോടികൾ ചിലവിട്ട് നിർമ്മിച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പ്രതിമകൾ തകർന്നത് മധ്യപ്രദേശിൽ രാഷ്ട്രീയ പോരിനുകൂടി തുടക്കം കുറിച്ചിരിക്കുകയാണ്. മഹാകാൽ ക്ഷേത്ര ഇടനാഴി പ്രോജക്ടിന്റെ ആദ്യഘട്ടം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മോദി ഉദ്ഘാടനം നിർവ്വഹിക്കുന്നത്. 850 കോടിയുടെ പ്രോജക്ടിൽ ആദ്യഘട്ടത്തിൽ 419 കോടിയുടെ പ്രവർത്തനങ്ങളായിരുന്നു നടത്തിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശിൽ, വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഉയർത്തുകയാണ്.

കർണാടകയിലെ '40 ശതമാനം സർക്കാർ' എന്ന മുദ്രാവാക്യത്തിന് സമാനമായി, '50 ശതമാനം കമ്മിഷൻ' എന്ന ആരോപണമാണ് കോൺഗ്രസ്, ശിവരാജ് സിങ് ചൗഹാൻ സർക്കാരിനെതിരേ ഉയർത്തുന്നത്. സപ്തർഷികളായ ഏഴ് സന്യാസിമാരുടെ കൂറ്റൻ പ്രതിമകൾ തകരാൻ കാരണം ബി.ജെ.പി. സർക്കാരിന്റെ കമ്മിഷൻ ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പ്രതിമകൾ സ്ഥാപിച്ച് അതിലൂടെ അഴിമതി നടത്തി, കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തിന്മേലാണ് ചൗഹാൻ സർക്കാർ കളിക്കുന്നതെന്ന് മധ്യപ്രദേശിൽ കോൺഗ്രസ് ചുമതലയുള്ള ജെ.പി. അഗർവാൾ പറഞ്ഞു.

'കർണാടകയിൽ '40 % സർക്കാർ' എന്ന മുദ്രാവാക്യമാണ് ഉയർത്തിയത്. സമാന രീതിയിലുള്ള അഴിമതിയാണ് മധ്യപ്രദേശിലും നടന്നിരിക്കുന്നത്. അതും ഉജ്ജയ്നിലെ മഹാകാൽ ക്ഷേത്രത്തിൽ. കൊള്ളയടിക്കുമ്പോൾ മഹാകാലിനെ പോലും ബി.ജെ.പി. ഭയപ്പെടുന്നില്ല. ദൈവത്തെ പോലും അവർ ഒഴിവാക്കുന്നില്ല', അഗർവാൾ പറഞ്ഞു.

Content Highlights: Madhya Pradesh Lokayukta orders probe into collapse of 6 statues