മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കർഷകരുടെ വൻ മാർച്ച്,2000ത്തിലധികം കർഷകർ,പിന്തുണയുമായി CJP

ഭോപ്പാൽ: ഒരു ദിവസത്തെ ഭക്ഷണവും, ഒരു ആഴ്ചത്തേക്ക് ആവശ്യമായ ധാന്യച്ചാക്കുകളും, ചുരുട്ടിവെച്ച കിടക്കകളും, പാത്രങ്ങളും ചുമന്നുകൊണ്ട് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലേക്കെത്തിയിരിക്കുകയാണ് രണ്ടായിരത്തിലധികം വരുന്ന കർഷകർ. പോലീസ് ബാരിക്കേഡുകൾ മറികടന്ന് ചൊവ്വാഴ്ച രാത്രിയോടെ ഭോപ്പാൽ നഗരത്തിലേക്ക് പ്രവേശിച്ച കർഷകർ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ വസതിയിലേക്ക് മാർച്ച് നടത്തുകയാണിപ്പോൾ.
വിളകളും വളവും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള 'ഇ-ടോക്കൺ' സംവിധാനം റദ്ദാക്കണമെന്നും, പയർവർഗ്ഗ വിളകൾ പൂർണ്ണമായും സർക്കാർ സംഭരിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. ഡൽഹിയിലെ സിജെപി പ്രതിഷേധത്തിന് ശേഷം ബിജെപി നേരിടുന്ന മറ്റൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ് മധ്യപ്രദേശിലെ കർഷക മാർച്ച്.
'ജയ് ജവാൻ, ജയ് കിസാൻ' പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയ കർഷകർ സംയുക്ത കിസാൻ മോർച്ചയുടെ ബാനറിൽ തിങ്കളാഴ്ച നർമ്മദാപുരം ജില്ലയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ഒരു ആഴ്ചത്തേക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങളും കിടക്കകളും കരുതിയാണ് കർഷകർ എത്തിയിരിക്കുന്നത്. റോഡരികിൽ തന്നെ ഭക്ഷണം പാകം ചെയ്താണ് ഇവർ പ്രതിഷേധം തുടരുന്നത്. ഈ പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി യുവതലമുറയിൽപ്പെട്ട (Gen Z) ആളുകളും എത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കൂടാതെ, കോക്രോച്ച് ജനതാ പാർട്ടിയുമായി (CJP) കർഷക നേതാവ് രാകേഷ് ടിക്കായത്ത് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംയുക്ത സമരത്തിനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.
മുഖ്യമന്ത്രി മോഹൻ യാദവിന്റെ വസതിയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയുള്ള സവർക്കർ പാലത്തിന് സമീപമാണ് കർഷകർ തമ്പടിച്ചിട്ടുണ്ടായിരുന്നത്. കർഷകരുമായി മധ്യപ്രദേശ് സർക്കാർ നടത്തിയ ആദ്യ ഘട്ട ചർച്ചകളിൽ ഫലവത്തായിരുന്നില്ല. ആവശ്യങ്ങൾ നിറവേറ്റാതെ തിരികെ പോകില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കർഷകരുമായി ചർച്ചകൾ നടത്താൻ മന്ത്രിമാരടങ്ങിയ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഒരു പരിഹാരം കണ്ടെത്താനാകുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
'മധ്യപ്രദേശ് മുഴുവൻ കർഷക ക്ഷേമ വർഷമായി ആഘോഷിക്കുകയാണ്. അവരുമായി ആശയവിനിമയം നടത്താൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ, നമ്മുടെ കൃഷിമന്ത്രി ഐദൽ സിംഗ് കൻസാനയെ അവരുമായി ചർച്ച നടത്താൻ അയച്ചിരുന്നു. ഇന്നും, കൻസാനയും മന്ത്രിമാരായ കൃഷ്ണ ഗൗർ, വിശ്വാസ് സാരംഗ്, രാകേഷ് സിംഗ് എന്നിവരും ഉദ്യോഗസ്ഥരും കർഷകരുമായി ചർച്ച നടത്തും'മോഹൻ യാദവ് പറഞ്ഞു.
Content Highlights: Over 2,000 farmers marching to Bhopal demanding the cancellation of the e-token system., Protesters demanding full government procurement of pulse crops., Samyukta Kisan Morcha leading the protest starting from Narmadapuram., Madhya Pradesh government has formed a ministerial committee for talks., Protest supported by Gen Z and leaders like Rakesh Tikait.