മമതയ്ക്ക് വീണ്ടും തിരിച്ചടി: മുറിയേ മാറിയിട്ടുള്ളൂ, വീട്‌ മാറിയില്ലെന്ന് മിത്ര; ഇനി വിമതക്യാമ്പിൽ

#ന്യൂസ് ഡെസ്ക്
വിമതനേതാക്കൾക്കൊപ്പം മദൻ മിത്ര | Photo: ANI
വിമതനേതാക്കൾക്കൊപ്പം മദൻ മിത്ര | Photo: ANI

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് മദൻ മിത്ര ബുധനാഴ്ച പാർട്ടിവിട്ട് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിൽ ചേർന്നു. മിത്രയുടെ കളംമാറ്റം ടിഎംസി അധ്യക്ഷ മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി വലിയ പ്രതിസന്ധികളാണ്‌ നേരിടുന്നത്.

ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് മദൻ മിത്രയുടെ  അപ്രതീക്ഷിത കൂടുമാറ്റം. തൃണമൂൽ കോൺഗ്രസ് ഇപ്പോൾ ശിഥിലമായ അവസ്ഥയിലാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ബിജെപി ഭരണത്തിലേറുകയും മമത ബാനർജിക്ക് സ്വന്തം മണ്ഡലത്തിൽ പരാജയം സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്.

ഒട്ടേറെ എംഎൽഎമാരും എംപിമാരും ഇതിനകംതന്നെ പാർട്ടി ഔദ്യോഗിക നേതൃത്വത്തോട് കലഹിച്ച് രംഗത്തുവന്നിട്ടുണ്ട്. ബംഗാൾ പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഈ അപ്രതീക്ഷിത നീക്കവും ഉണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭയിലെ കമർഹാട്ടി സീറ്റിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ്‌ മിത്ര.

'ഞാൻ എന്റെ മുറി മാത്രമാണ് മാറ്റിയത്, വീടല്ല. ഞാൻ ഇപ്പോഴും തൃണമൂൽ കോൺഗ്രസിൽ (TMC) തന്നെയാണ്.' വിമത ക്യാമ്പിൽ ചേർന്ന ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2026-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച തൃണമൂലിന്റെ 80 നേതാക്കളിൽ ഒരാളായിരുന്നു മദൻ മിത്ര. ബിജെപി വൻവിജയം നേടുകയും 294-ൽ 208 സീറ്റുകൾ നേടി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിൽ വരികയും ചെയ്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം കമർഹാട്ടി സീറ്റ് നിലനിർത്തിയിരുന്നു.

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയ മുഖങ്ങളിൽ ഒന്നായാണ് മദൻ മിത്ര കണക്കാക്കപ്പെടുന്നത്. 1998-ൽ രൂപീകൃതമായ കാലം മുതൽ അദ്ദേഹം തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. 58 തൃണമൂൽ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടാണ് ഋതബ്രത ബാനർജി പാർട്ടി പിളർത്തിയത്.. കഴിഞ്ഞ മാസം നടന്ന പ്രത്യേക സമ്മേളനത്തിൽ അവർ മമത ബാനർജിയെ പാർട്ടി ചെയർപേഴ്‌സൺ സ്ഥാനത്തുനിന്ന് നീക്കുകയും അരൂപ് റോയിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഋതബ്രത ബാനർജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായും തിരഞ്ഞെടുത്തു. 'യഥാർത്ഥ' തൃണമൂൽ തങ്ങളാണെന്ന് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമത വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കൂടാതെ, പാർട്ടിയുടെ 28 ലോക്‌സഭാ എംപിമാരിൽ 20 പേരും പാർട്ടി വിടുകയും നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായി (NCPI) ലയിച്ച് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Madan Mitra joins the rebel camp led by Ritabrata Banerjee. TMC faces major fragmentation after the 2026 election defeat. BJP forms government in West Bengal with 208 seats. Ritabrata Banerjee replaces Mamata Banerjee as party chairperson. 20 Lok Sabha MPs have merged with the NCPI supporting the NDA.