ഗോവ നിശാക്ലബ്ബ് ദുരന്തം: ലൂത്ര സഹോദരങ്ങളെ തായ്‌ലാൻഡിൽനിന്ന് നാടുകടത്തി; ഡൽഹിയിൽവെച്ച് പിടികൂടാൻ ഗോവ പോലീസ്

#ന്യൂസ് ഡെസ്ക്
ലുത്രയും ഗൗരവ് ലുത്രയും
ലുത്രയും ഗൗരവ് ലുത്രയും

ന്യൂഡല്‍ഹി: ഗോവയിലെ അര്‍പ്പോറയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബ്ബിന്റെ ഉടമകളെ തായ്‌ലന്‍ഡില്‍നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. ബര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ ക്ലബ് ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നീ സഹോദരങ്ങളെയാണ് നാടുകടത്തിയത്. ഡല്‍ഹിയിലെത്തിയ ശേഷം പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് പട്യാല ഹൗസ് കോടതിയിലെത്തിക്കും. അവിടെനിന്ന് ഗോവ പോലീസ് അവരെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ കൊണ്ടുപോകും.

വടക്കന്‍ ഗോവയിലെ നിശാക്ലബ്ബില്‍ തീപ്പിടിത്തമുണ്ടായതിനു പിന്നാലെ ഉടമകളായ ഇരുവരും തായ്‌ലാന്‍ഡിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ ഇരുവരുടേയും പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കി. പിന്നാലെ ആവശ്യമായ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഇന്ത്യന്‍ അധികൃതര്‍ തായ്‌ലാന്‍ഡിന് കൈമാറുകയും അവരെ നാടുകടത്തണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഫുക്കറ്റിലെ ഒരു റിസോര്‍ട്ടില്‍നിന്ന് സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത തായ് പോലീസ് ഇരുവരേയും ഇന്ത്യയിലേക്ക് കയറ്റിയയയ്ക്കുകയായിരുന്നു.

ശരിയായ സുരക്ഷാ അനുമതികളില്ലാതെ ക്ലബ്ബ് നടത്തിയെന്ന ആരോപണങ്ങളില്‍ നടപടി നേരിടാനാണ് ലൂത്ര സഹോദരങ്ങളെ ഇന്ത്യയിലെത്തിക്കുന്നത്. ഡിസംബര്‍ ആറിനുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ വെന്തുമരിച്ചിരുന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുമ്പോഴാണ് ഇരുവരും തായ്‌ലാന്‍ഡിലേക്ക് രക്ഷപ്പെട്ടത്. ശരിയായ മുന്‍കരുതലുകളെടുക്കാതെയും അഗ്നിസുരക്ഷാ ഉപകരണങ്ങളോ മറ്റു സുരക്ഷാ നടപടികളോ പാലിക്കാതെയും ക്ലബ്ബില്‍ ആഘോഷപരിപാടികള്‍ നടത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്.

Content Highlights: Luthra Brothers Deportation from Thailand Underway for Negligence Charges