ലഖ്‌നൗ തീപ്പിടിത്ത ദുരന്തം: പൊലിഞ്ഞത് 15 ജീവനുകൾ; പ്രാണരക്ഷാർഥം ചാടിയ വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്

#ന്യൂസ് ഡെസ്ക്

ലഖ്‌നൗ: യുപിയിലെ കോച്ചിങ് സെന്ററിലുണ്ടായ തീപ്പിടിത്ത ദുരന്തത്തിൽ ഇതുവരെ 15 വിദ്യാർഥികളുടെ മരണമാണ് സ്ഥിരീകരിച്ചത്. നിരവധി പേർ ഗുതുരാവസ്ഥയിൽ ചികിത്സയിലാണ്. തിരക്കേറിയ അലിഗഞ്ച് മേഖലയിലെ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

മൂന്ന് നിലകെട്ടിടത്തിലെ ഒന്നാം നിലയിലായിരുന്നു കോച്ചിങ് സെന്റർ പ്രവർത്തിച്ചിരുന്നത്. ഈ സെന്റർ കൂടാതെ ഒരു പെറ്റ് ക്ലിനിക്കും ഒരു ലൈബ്രറിയും ഏതാനും ചെറു കടകളും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. ഇവിടേക്കെല്ലാം തീ പടർന്നു. തീ വ്യാപിച്ചപ്പോൾ രക്ഷപ്പെടാനായി ഒന്നാം നിലയിൽനിന്ന് നിരവധി കുട്ടികൾ താഴേക്ക് ചാടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രാണരക്ഷാർഥം താഴേക്ക് ചാടിയ ഇവർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പെറ്റ് ക്ലിനിക്കിലുണ്ടായ മൃഗങ്ങളെ രക്ഷപ്പെടുത്തിയെങ്കിലും നിരവധിയെണ്ണത്തിന് തീപ്പൊള്ളലേറ്റിട്ടുണ്ട്.

കെട്ടിടത്തിനുള്ളിലെ മുറികളിൽ മരം കൊണ്ടുണ്ടാക്കിയ ഫർണിച്ചറുകളുണ്ടായിരുന്നു. തീപടരാൻ ഇത് കാരണമായി. കറുത്ത പുക മൂലം രക്ഷാപ്രവർത്തകർക്ക് കെട്ടിടത്തിലേക്ക് കടക്കുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും ബുദ്ധിമുട്ടനുഭവപ്പെട്ടു. തീ പെട്ടന്ന് വ്യാപിച്ചതിനാലും പുകമൂലം കാഴ്ചമറഞ്ഞതിനാലുമാണ് വിദ്യാർഥികൾക്ക് ഓടിരക്ഷപ്പെടാൻ കഴിയാതിരുന്നത്.

ഒരുമണിക്കൂറിലേറെ സമയമെടുത്താണ് കെട്ടിടത്തിൽ ആളിപ്പടർന്ന തീ അണയ്ക്കാൻ സാധിച്ചത്. പരിക്കേറ്റവരെ കെട്ടിടത്തിനുള്ളിൽനിന്ന് പുറത്തേക്ക് എത്തിക്കുന്നതും ദുഷ്‌കരമായിരുന്നു. ചുമരിൽ വലിയ ദ്വാരങ്ങളുണ്ടാക്കിയാണ് സ്‌ട്രെച്ചറുകൾ മുറിക്കകത്തേക്ക് എത്തിച്ചത്.

തീപ്പിടിത്തത്തിൽ പരിക്കേറ്റവരെ കെജിഎംസി ട്രോമ സെന്ററിലേക്കാണ് പ്രാഥമിക ചികിത്സയ്ക്കായി മാറ്റിയത്. പരിക്കേറ്റവരെല്ലാം 16-17 വയസ്സ് പ്രായമുള്ളവരാണെന്നാണ് വിവരം. 22 കുട്ടികളെ ആശുപത്രിയിലെത്തിച്ചതായി മെഡിക്കൽ സൂപ്രണ്ട് പ്രതികരിച്ചു. ഇവരിൽ രണ്ട് പേർക്ക് കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയപ്പോഴുണ്ടായ ഗുരുതരമായ പരിക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. കെട്ടിടത്തിലെ എല്ലാ മുറികളും പരിസരവും പരിശോധിച്ചു. അകത്തുണ്ടായിരുന്ന എല്ലാ സാധനങ്ങളും മാറ്റി. 14 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ മുഖ്യമന്ത്രി ആദിത്യനാഥ് നടുക്കം രേഖപ്പെടുത്തി. സർക്കാർ അപകടത്തിൽപ്പെട്ടവർക്കൊപ്പം നിലകൊള്ളുന്നുവെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകുമെന്നും പ്രധാനന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: 14 students confirmed dead in a major fire at an Aliganj coaching center., Short circuit identified as the primary cause of the fire., CM Yogi Adityanath has ordered a high-level investigation into the incident., PM Narendra Modi announced compensation of 2 lakhs for the deceased and 50k for the injured., Rescue operations are complete, with victims receiving treatment at KGMU Trauma Center.