'മകനെ നഷ്ടപ്പെട്ടതിന്‍റെ വ്യഥ ഒരിക്കല്‍ അസിം മുനീര്‍ അറിയാന്‍ ഇടവരും; വിനയ് എന്‍റെ ഹീറോയാണ്'

ന്യൂഡല്‍ഹി: 26 വയസ് മാത്രമായിരുന്നു ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ പ്രായം. ഏപ്രില്‍ 16നായിരുന്നു വിനയിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് ഭാര്യ ഹിമാംശി നര്‍വാളുമൊത്തുള്ള മധുവിധു യാത്രക്കിടെയായിരുന്നു ഭീകരരുടെ ആക്രമണത്തിനിരയായി ആ യുവാവിന്റെ ദാരുണാന്ത്യം. നിരപരാധികളായ 26 പേരുടെ ജീവനപഹരിക്കപ്പെട്ട ദുരന്തത്തിന്റെ ആഴം പ്രതിഫലിച്ചത് വെടിയേറ്റ് കൊല്ലപ്പെട്ട വിനയിന്റെ ഭൗതികദേഹത്തിനരികില്‍ തലകുനിച്ചിരുന്ന് തേങ്ങുന്ന ഹിമാംശിയാണ്, ഇപ്പോഴും പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്നത് ഹൃദയഭേദകമായ ആ ചിത്രമാണ്.
രാജ്യസേവനത്തിനായി സേനയുടെ ഭാഗമായിത്തീര്‍ന്ന മകന്റെ ജീവനെക്കുറിച്ച് ആശങ്ക ഉള്ളിലുണ്ടായിരുന്നെങ്കിലും മകന്റെ മരണം ഇത്തരത്തിലായിത്തീരുമെന്ന് വിനയ് യുടെ മാതാപിതാക്കളും കരുതിയിട്ടുണ്ടാകില്ല. മകനുള്‍പ്പെടെ 26 പേരുടെ മരണത്തിനിട വരുത്തിയതിന്റെ ഉത്തരവാദിത്വം പാകിസ്താന്‍ സൈനികമേധാവി ജനറല്‍ അസീം മുനീറിനാണെന്ന് പറയുകയാണ് വിനയുടെ പിതാവ് രാജേഷ് നര്‍വാള്‍. സ്വന്തം മകനോയോ മകളേയോ ആരെങ്കിലും ദ്രോഹിച്ചാല്‍ മാത്രമേ അസിം മുനീറിന് താനിപ്പോള്‍ അനുഭവിക്കുന്ന വ്യഥ മനസ്സിലാകുകയുള്ളൂവെന്ന് അദ്ദേഹം എന്‍ഡിടിവിയോട് പ്രതികരിച്ചു.
"അയാളുടെ മകനേയോ മകളേയോ ആരെങ്കിലും ഉപദ്രവിച്ചാല്‍ മാത്രമേ അയാള്‍ക്ക് ഞാനനുഭവിക്കുന്ന വേദന മനസ്സിലാകൂ. ഭീകരാക്രമണത്തില്‍ അയാളുടെ മകനോ മകളോ കൊല്ലപ്പെടുന്ന ദിവസം അയാള്‍ പഠിക്കും, അന്നേ അയാള്‍ ആ വേദന അറിയുകയുള്ളൂ. ഒരു സാധാരണക്കാരനായ എന്റെ കയ്യില്‍ വെടിവെക്കാന്‍ ഒരു തോക്ക് നല്‍കട്ടെ, അയാളുടെ മകനോ മകള്‍ക്കോ വെടിയേല്‍ക്കട്ടെ, അന്നേരം അയാളാ വേദന തിരിച്ചറിയും", രാജേഷ് നര്‍വാള്‍ പറഞ്ഞു.
"എന്റെ കുടുംബത്തിന്റെ മുന്നില്‍ എനിക്കൊന്ന് കരയാന്‍ പോലുമാകുന്നില്ല. എന്റെ ഭാര്യ, അച്ഛനുമമ്മയും, അവരെല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണ്. എനിക്ക് എല്ലാം സഹിക്കാനാകുന്നുണ്ട് എന്ന മട്ടിലാണ് ഞനവരുടെ മുന്നില്‍ പെരുമാറുന്നത്. മനസ്സിന് ഒട്ടും സമാധാനമില്ല. എത്ര ദിവസമായി ഞങ്ങളൊന്നുറങ്ങിയിട്ട്. ഞങ്ങളുടെ മനസ് ശൂന്യമാണ്. മാനോരോഗവിദഗ്ധനെ കണ്ടാല്‍ കുറേ ഗുളികകള്‍ തരും. പക്ഷേ ഈ വിഷമത ഒരിക്കലും മാറില്ല. ഞങ്ങള്‍ക്ക് മറ്റുപല രോഗങ്ങളും വരുന്നു", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"സൈനികരെ അവന് വലിയ ഇഷ്ടമായിരുന്നു. പരേഡുകള്‍ കാണാന്‍ അവന്‍ വാശി പിടിച്ചിരുന്നു. സത്യത്തിനും സമഗ്രതയ്ക്കും നിരക്കുന്ന വധത്തില്‍ ജീവിക്കണമെന്ന് ഞങ്ങളവനെ പഠിപ്പിച്ചു. അവന്‍ ഒന്നിനും ഭയപ്പെട്ടിരുന്നില്ല, നിര്‍ഭയനായിത്തന്നെ അവന്‍ മരിക്കുകയും ചെയ്തു. അവന്‍ ഇപ്പോഴും എപ്പോഴും എന്റെ ഹീറോയാണ്", അഭിമാനത്തോടെ രാജേഷ് നര്‍വാള്‍ പറഞ്ഞു.
പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന വിനയ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിലൂടെയാണ് നാവികസേനയില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ലെഫ്റ്റനന്റ് പദവിയിലേക്ക് വിനയ് ഉയര്‍ന്നു. ചെറുപ്പത്തില്‍ തന്നെ സൈനികസേവനത്തോട് വിനയിന് താല്‍പര്യമുണ്ടായിരുന്നതായും രാജേഷ് നര്‍വാള്‍ പറഞ്ഞു. ഹരിയാണയിലെ കര്‍ണാളിലായിരുന്നു വിനയുടേയും ഹിമാംശിയുടേയും വിവാഹം. മൂന്നുദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിവാഹസത്ക്കാരം. മൂന്നുദിവസങ്ങള്‍ക്ക് ശേഷം ബൈസരണ്‍ താഴ് വരയില്‍ ഒരേ പ്ലേറ്റില്‍നിന്ന് രണ്ടുപേരും ഭേല്‍പുരി കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായതും വിനയ് ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതും.
Content Highlights: Lt. Vinay Narwal killed in Pulwama attack. Father blames Pak Army Chief, expresses immense grief