പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ പ്രതിഷേധം അക്രമാസക്തം; പോലീസ് വാഹനങ്ങൾ കത്തിച്ചു, ചർച്ച പരാജയം

ലുധിയാന (പഞ്ചാബ്): ജലന്ധറിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിക്ക് (എൽ.പി.യു.) മുന്നിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ മൂന്ന് പോലീസ് വാഹനങ്ങൾക്ക് തീയിട്ടു. യൂണിവേഴ്‌സിറ്റിയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ശനിയാഴ്ച രാത്രിയാരംഭിച്ച സംഘർഷങ്ങളാണ് വൻ അക്രമത്തിലേക്ക് വഴിമാറിയത്.
പ്രതിഷേധം അവസാനിപ്പിക്കാനായി പോലീസും സർവകലാശാല മാനേജ്മെന്റും വിദ്യാർഥി പ്രതിനിധികളുമായി ചർച്ചനടത്തിയിരുന്നു. എഫ്.ഐ.ആറിന്റെ പകർപ്പും അന്വേഷണ സംഘത്തിന്റെ വിവരങ്ങളും പോലീസ് വിദ്യാർഥികൾക്ക് കൈമാറിയെങ്കിലും എൽ.പി.യു. ചാൻസലറിൽനിന്ന് നേരിട്ടുള്ള ഉറപ്പുവേണമെന്ന നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിന്നു. തുടർന്ന് ചർച്ച പരാജയപ്പെടുകയും പോലീസുമായി ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. സംഘർഷത്തിൽ ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
പെൺകുട്ടിയുടെ പരാതിയിൽ പോലീസ് ബലാത്സംഗത്തിന് കേസെടുക്കുകയും അന്വഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സംഭവം സ്ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ആരോപണങ്ങൾ സർവകലാശാല അധികൃതരും തള്ളി. സി.സി.ടി.വി ദൃശ്യങ്ങൾ, ഫോൺ രേഖകൾ, ഫോറൻസിക് തെളിവുകൾ എന്നിവ വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. എന്നാൽ, ഇതുവരെ പരാതിക്കാരിയെക്കുറിച്ചോ ആരോപണവിധേയനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആരുടേയും അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല.
സർവകലാശാല ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടി ബലാത്സംഗത്തിനിരയായെന്നും വിവരമറിയിച്ചിട്ടും ഹോസ്റ്റൽ വാർഡൻ നടപടിയെടുത്തില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. സെപ്റ്റംബർ 24-നാണ് സംഭവം നടന്നത്. യൂണിവേഴ്‌സിറ്റിയിലെ തൊഴിലാളിയാണ് അതിക്രമം നടത്തിയതെന്ന് വാർഡനെ അറിയിച്ചിരുന്നു. നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ജലന്ധർ-ഫഗ്വാര ദേശീയപാത ഉപരോധിച്ചതോടെ പ്രദേശം പൂർണമായി ഗതാഗതക്കുരുക്കിലായി.
വ്യോമസേനയുടെ മിഗ്-23 യു.എം. വിമാനത്തിന്റേയും കാമ്പസിലെ സൈനിക ടാങ്കിന്റേയും മുകളിൽ കയറി പ്രതിഷേധിച്ചും സർവകലാശാല കെട്ടടത്തിനും വാഹനങ്ങൾക്കും തീയിട്ടും വ്യാപകമായ പ്രക്ഷോഭമാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായത്. കടകൾ ഉൾപ്പെടെ അടിച്ചുതകർക്കുകയും ചെയ്തു.
ഹോസ്റ്റലുകളിൽ വനിതാ ജീവനക്കാരെമാത്രം നിയമിക്കുക, അടിയന്തര നടപടികൾ സ്വീകരിക്കുക തുടങ്ങി വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉൾപ്പെടെ പേലീസും സർവകലാശാല മാനേജ്മെന്റും ചർച്ച നടത്തിയിരുന്നു. ദിവസങ്ങൾക്കുമുൻപ് സർവകലാശാലയിൽ ആത്മഹത്യചെയ്ത തെലങ്കാന സ്വദേശിയായ വിദ്യാർഥിയുടെ വിഷയത്തിലും അന്വേഷണം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Content Highlights: Protests and violent clashes erupted outside Lovely Professional University (LPU) in Phagwara., Students clashed with police and set vehicles on fire following unverified sexual assault rumors.