അനുരാഗ് ഠാക്കൂര്‍-ചന്ദ്രശേഖര്‍ ആസാദ് കൂട്ടുകെട്ട്, സെഞ്ചുറി; 'രാജ്യസഭ'യെ തോല്‍പ്പിച്ച് 'ലോക്‌സഭ'

അനുരാഗ് ഠാക്കൂര്‍, ചന്ദ്രശേഖര്‍ ആസാദ് |ഫോട്ടോ:PTI
അനുരാഗ് ഠാക്കൂര്‍, ചന്ദ്രശേഖര്‍ ആസാദ് |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ഭരണഘടനയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ചൂടേറിയ വാഗ്വാദങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പാര്‍ലമെന്റില്‍ അരങ്ങേറിയത്.  അവധിദിനമായ ഞായറാഴ്ചയും പാര്‍ലമെന്റ് അംഗങ്ങള്‍ കനത്ത പോരാട്ടത്തിലായിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടികള്‍ തമ്മിലായിരുന്നില്ല പോരാട്ടം. ലോക്‌സഭയും രാജ്യസഭയും തമ്മിലായിരുന്നു.

ക്ഷയരോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തിലാണ് എംപിമാര്‍ ഏറ്റുമുട്ടിയത്. മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നയിക്കുന്ന ലോക്‌സഭാ സ്പീക്കര്‍ ഇലവനും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു നയിക്കുന്ന രാജ്യസഭാ ചെയര്‍മാന്‍ ഇലവനും തമ്മിലായിരുന്നു മത്സരം. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരായിരുന്നു ഇരുടീമുകളിലും അണിനിരന്നത്. കേരളത്തില്‍നിന്നുള്ള എംപിമാരാരും കളിക്കാനുണ്ടായിരുന്നില്ല.

ലോക്‌സഭാ ഇലവന്‍ രാജ്യസഭാ ഇലവനെ 73 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടി പുറത്താകാതെ നിന്ന ലോക്‌സഭാ ഇലവന്‍ ക്യാപ്റ്റന്‍ അനുരാഗ് ഠാക്കര്‍ (111) ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ലോക്‌സഭാ സ്പീക്കര്‍ ഇലവന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സടിച്ചു. ഉത്തര്‍പ്രദേശില്‍നിന്നുള്ള എംപിയും ഭീം ആര്‍മി നേതാവുമായിട്ടുള്ള ചന്ദ്രശേഖര്‍ ആസാദും അനുരാഗ് ഠാക്കറും മൂന്നാംവിക്കറ്റില്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ലോക്‌സഭാ ഇലവന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 

ആസാദ് 23 പന്തില്‍നിന്ന് 54 റണ്‍സ്‌നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജ്യസഭാ ഇലവന് 178 റണ്‍സേ അടിക്കാനായുള്ളൂ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായിട്ടുള്ള മുഹമ്മദ് അസ്ഹറുദ്ദീന് രാജ്യസഭാ ഇലവനായി 42 പന്തില്‍ 74 അടിച്ചു.

ബിജെപി എംപി നിഷികാന്ത് ദുബെയെ മികച്ച ഫീല്‍ഡറായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡയാണ് മികച്ച ബൗളര്‍. സൂപ്പര്‍ ക്യാച്ചിനുള്ള അവാര്‍ഡ് ബിജെപി എംപി മനോജ് തിവാരിക്ക് ലഭിച്ചു. 'സൂപ്പര്‍ സിക്‌സ്' അവാര്‍ഡ് ബിജെപിയുടെ കെ.സുധാകറിനാണ്.
 

#WATCH | Delhi: Congress MP Deepender Singh Hooda awarded as the Best Bowler in the friendly cricket match of Parliamentarians to raise awareness about TB.

Lok Sabha Speaker XI beat Rajya Sabha Chairman XI by 73 runs. pic.twitter.com/PixG7E7sWh

— ANI (@ANI) December 15, 2024

Content Highlights: Lok Sabha defeats Rajya Sabha in Tuberculosis-awareness friendly cricket match