വഖഫ് ഭേദഗതിബില്ലില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പ്; മുനമ്പത്ത് ആഹ്ലാദപ്രകടനം നടത്തി സമരക്കാര്‍

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിബില്ലില്‍ ലോക്‌സഭയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ കേരളത്തില്‍നിന്നുള്ള പ്രതിപക്ഷ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ ഭേഗദതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളി. ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികളും സഭ തള്ളി.
എന്നാല്‍ ബോര്‍ഡില്‍ അമുസ്ലീം അംഗം വേണോ എന്ന എന്‍.കെ. പ്രേമചന്ദ്രന്റെ ഭേദഗതി നിര്‍ദേശത്തില്‍ പ്രതിപക്ഷം ഡിവിഷന്‍ ആവശ്യപ്പെട്ടു. നേരത്തേ ഡിജിറ്റല്‍ വോട്ടില്‍ ഈ നിര്‍ദേശം തള്ളിയെങ്കിലും പിന്നീട് സ്ലിപ്പ് നല്‍കിയുള്ള വോട്ടെടുപ്പ് നടക്കുകയാണ്.
അതേസമയം മുനമ്പം സമരപന്തലില്‍ പടക്കംപൊട്ടിച്ച് സമരക്കാര്‍ ആഹ്ലാദപ്രകടനം നടത്തി. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും അനുകൂല മുദ്രാവാക്യം മുഴക്കിയാണ് മുനമ്പത്തുകാര്‍ ആഹ്ലാദപ്രകടനം നടത്തിയത്. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകള്‍ മുനമ്പത്തെ സമരപന്തലില്‍വെച്ച് സമരക്കാര്‍ ലൈവായി കണ്ടിരുന്നു.
തങ്ങളെ അറിയാത്ത കിരണ്‍ റിജ്ജു പോലും തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചുവെന്നും തങ്ങളെ അറിയേണ്ട എംപി ഹൈബി ഈഡന്‍ എന്താണ് സംസാരിച്ചത് എന്നും സമരക്കാര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
മുനമ്പത്തെ പ്രശ്‌നങ്ങള്‍ വഖഫ് ഭേദഗതിബില്ലോടുകൂടി പരിഹരിക്കപ്പെടും എന്ന് ബിജെപി നേതാക്കള്‍ ലോക്‌സഭാ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു.
Content Highlights: Lok Sabha Passes Wakf Amendment Bill