അയോഗ്യരാക്കണമെന്ന പരാതിയിൽ തൃണമൂൽ വിമതർക്ക് നോട്ടീസ്; 7 ദിവസത്തിനകം മറുപടി നൽകണം

#ന്യൂസ് ഡെസ്ക്
തൃണമൂല്‍ വിമത എംപിമാര്‍ സ്പീക്കര്‍ ഓംബിര്‍ളയെ കണ്ടപ്പോള്‍
തൃണമൂല്‍ വിമത എംപിമാര്‍ സ്പീക്കര്‍ ഓംബിര്‍ളയെ കണ്ടപ്പോള്‍

ന്യൂഡൽഹി: നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിച്ച വിമതരായ 20 തൃണമൂൽ കോൺഗ്രസ് എം.പിമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന പരാതിയിൽ മറുപടി നൽകാൻ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഏഴു ദിവസത്തെ സമയം അനുവദിച്ചു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നൽകിയ പരാതിയിലാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിമതർക്ക് ബുധനാഴ്ച നോട്ടീസ് നൽകിയത്.

വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടലുണ്ടായതിന് പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് കത്ത് നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അടിയന്തര നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി തന്നെയാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച ഹർജി പരിഗണിക്കാൻ സമ്മതിക്കുകയും വിമതരോട് മറുപടി തേടുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ചൊവ്വാഴ്ചത്തെ തീയതിവെച്ചാണ് ബുധനാഴ്ച നോട്ടീസ് കൈമാറിയത്.

വിമതരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ജൂൺ 18-ന് അഭിഷേക് ബാനർജി ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. അയോഗ്യതാ നടപടികൾ തീരുമാനിക്കുന്നതിലുണ്ടായ കാലതാമസം ചോദ്യംചെയ്താണ് അഭിഷേക് സുപ്രീംകോടതിയെ സമീപിച്ചത്.

ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെയാണ് തൃണമൂൽ എംപിമാർ കൂട്ടത്തോടെ പാർട്ടി വിട്ട് എൻഡിഎ ചേരിയിലേക്ക് മാറിയത്.

എം.പിമാർ തൃണമൂൽ ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചതെന്നും മറ്റൊരു രാഷ്ട്രീയ കൂട്ടായ്മയുമായി ചേരാനുള്ള അവരുടെ തീരുമാനം പാർട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുന്നതിന് തുല്യമാണെന്നും ഇത് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയ്ക്ക് കാരണമാകുമെന്നുമാണ് മമത പക്ഷത്തിന്റെ നിലപാട്. എന്നാൽ, തങ്ങളുടെ നീക്കം നിയമപരമായ ലയനമാണെന്നാണ് വിമത വിഭാഗത്തിന്റെ വാദം. ത്രിപുര ആസ്ഥാനമായുള്ള നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (NCPI) വിമതർ ലയിച്ചിരുന്നു. തുടർന്ന് എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

Content Highlights: Lok Sabha Secretariat grants 7 days for 20 rebel TMC MPs to respond to disqualification notices., Action follows a petition by TMC General Secretary Abhishek Banerjee and Supreme Court intervention., Rebel MPs merged with the National Citizens Party of India (NCPI) and supported the NDA., Mamata Banerjee's faction argues the move violates anti-defection laws as they won on TMC symbols.