ലോക്‌സഭയുടെ അംഗബലം 815 ആകും, 272 സ്ത്രീസംവരണസീറ്റുകൾ; സംസ്ഥാനങ്ങൾക്ക് സീറ്റ് നഷ്ടമില്ല -കേന്ദ്രം

ന്യൂഡൽഹി: ലോക്‌സഭാ അംഗബലം 815 ആയി ഉയരുമെന്നും അതിൽ 272 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. ഈ ക്വാട്ട നടപ്പാക്കുന്നതിലൂടെ പുരുഷന്മാർക്കോ ഏതെങ്കിലും സംസ്ഥാനത്തിനോ നഷ്ടം സംഭവിക്കില്ലെന്നും പറഞ്ഞു.
സ്ത്രീകളുടെ സംവരണനിയമം ഭേദഗതി ചെയ്യുന്നതിനും സീറ്റ് പുനർനിർണയ കമ്മിഷൻ രൂപവത്കരിക്കുന്നതിനുമായി അവതരിപ്പിച്ച മൂന്ന് ബില്ലുകളിൽ ലോക്‌സഭയിൽ നടത്തിയ പ്രാരംഭ പ്രസംഗത്തിലാണ് 815 ൽ 272 സീറ്റുകൾ സ്ത്രീകൾക്കായി 33 ശതമാനം സംവരണം ചെയ്യുന്ന ഫോർമുല കേന്ദ്രം വ്യക്തമാക്കിയത്.
നിർദ്ദിഷ്ട ബില്ലുകൾ പാസാകുന്നതോടെ ലോക്‌സഭയുടെ നിലവിലെ അംഗബലത്തിൽ 50 ശതമാനം വർദ്ധനവുണ്ടാകും. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാക്വാട്ടയിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും സംവരണം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
'ഇതൊരു ചരിത്രപരമായ തീരുമാനമാണ്, ഇത് നടപ്പാക്കുന്നതോടെ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കും, മേഘ്‌വാൾ പറഞ്ഞു. സ്ത്രീകൾക്ക് നിയമനിർമ്മാണ സമിതികളിൽ മതിയായ പങ്കാളിത്തം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ ചർച്ച. ഇത് നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭരണഘടനയുടെ ആമുഖത്തിൽ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയനീതികളെക്കുറിച്ച് പരാമർശിക്കുമ്പോൾ, മുൻ സർക്കാരുകൾ ഈ ദിശയിൽ മതിയായ ശ്രമങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Proposed expansion of Lok Sabha strength to 815 members., 33% reservation (272 seats) allocated for women., Includes sub-reservation for SC/ST women candidates