'RSS ഉം CPM ഉം ഒരുപോലെ', രാഹുലിന്റെ പരാമർശം;ഇന്ത്യ സഖ്യ യോഗത്തിൽ അതൃപ്തി പ്രകടമാക്കി ഇടതുപാര്‍ട്ടികൾ

ന്യൂഡല്‍ഹി: ആര്‍എസ്എസിനെയും സിപിഎമ്മിനെയും ഒരുപോലെ ചിത്രീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ അതൃപ്തി അറിയിച്ച് ഇടത് പാര്‍ട്ടികള്‍. ശനിയാഴ്ച നടന്ന ഇന്ത്യ സഖ്യത്തിന്റെ ഓണ്‍ലൈന്‍ യോഗത്തിലാണ് നേതാക്കള്‍ അതൃപ്തി അറിയിച്ചത്.
മറ്റുള്ളവരുടെ വികാരം തിരിച്ചറിയാത്ത രാഷ്ട്രീയം പിന്തുടരുന്നതിനാലാണ് സിപിഎമ്മിനെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ കെപിസിസി പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ഈ പരാമര്‍ശങ്ങള്‍ അനുചിതവും ഭിന്നിപ്പുണ്ടാക്കുന്നതുമായ പ്രസ്താവനകളാണെന്ന് ഇടതുപക്ഷ നേതാക്കള്‍ ആരോപിച്ചു. അത്തരം പ്രസ്താവനകള്‍ കേഡര്‍മാര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയാണ് രാഹുലിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയത്. യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് പേര് പരാമര്‍ശിക്കാതെ ഡി രാജ ഈ വിഷയം ഉന്നയിച്ചുവെന്ന് ഇന്ത്യാ സഖ്യ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേഡര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സഖ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുകയും ചെയ്യുമെന്നതിനാല്‍ അവ ഒഴിവാക്കണമെന്ന് ഡി.രാജ പറയുകയുണ്ടായി. ഇന്ത്യാ സഖ്യം തുടങ്ങിയത് രാജ്യത്തെ രക്ഷിക്കൂ, ബിജെപിയെ പുറത്താക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ്. എന്നാല്‍ സഖ്യത്തിനുള്ളിലെ ഇടതുപക്ഷത്തെ ആര്‍എസ്എസുമായി താരതമ്യം ചെയ്യുന്ന പ്രസ്താവന നടത്തരുതെന്നും മറ്റൊരു നേതാവ് ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഹുലിന്റെ പരാമര്‍ശത്തെ നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ശക്തായി വിമര്‍ശിച്ചിരുന്നു. ഇതിനെ നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ച ബേബി, കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയുടെ പ്രതിഫലനമാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നിലെന്നും പറയുകയുണ്ടായി.
ഇതിനിടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പഹല്‍ഗാം ഭീകരാക്രമണം, ബിഹാര്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക പുനഃപരിശോധന തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ഇന്ത്യ മുന്നണി യോഗത്തില്‍ തീരുമാനമായി. വോട്ടര്‍ പട്ടിക പുനഃപരിശോധനാ വിഷയത്തില്‍ ജൂലായ് 23, 24 തീയതികളില്‍ ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും മുന്നണി ഒരുങ്ങുന്നുണ്ട്.
Content Highlights: Rahul Gandhi's 'I fight RSS, CPM ideologically' remark triggers INDIA bloc rift