ദേശീയപതാകയേന്തി പ്രതിഷേധിച്ച് ഇടത് എംപിമാരും; എത്രപേരെ കസ്റ്റഡിയിലെടുത്താലും പ്രക്ഷോഭം മുന്നോട്ടെന്ന് ബ്രിട്ടാസ്

ന്യൂഡൽഹി: കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ സി.ജെ.പി. സംഘടിപ്പിക്കാനിരുന്ന 'ലെഹ്റാ ദോ തിരംഗ' മാർച്ചിൽ പങ്കുചേർന്ന് ഇടത് സംഘടനകൾ. ദേശീയപതാക കൈയിലേന്തി കൊണാട്ട് പ്ലേസിലേക്ക് നീങ്ങിയ പ്രതിഷേധ പ്രകടനത്തിലാണ് ഇടത് എം.പി.മാരും പ്രവർത്തകരും പങ്കെടുത്തത്. പ്രതിഷേധത്തിൽ ഇടത് സംഘടനകൾക്കൊപ്പം എ.എ.പി.യും (ആം ആദ്മി പാർട്ടി) അണിനിരന്നു.
ദേശീയപതാക ഉയർത്തി നടന്ന പ്രതിഷേധ പ്രക്ഷോഭത്തിന്റെ മുൻനിരയിൽത്തന്നെ ഇടത് എം.പി.മാർ നിലയുറപ്പിച്ചു. ഡൽഹി നഗരത്തിന്റെ ഹൃദയഭാഗത്ത് എംപിമാരും നൂറുകണക്കിന് ചെറുപ്പക്കാരുമാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മലയാളി നേതാക്കളായ സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം തുടങ്ങിയ പ്രമുഖരും റാലിയിൽ പങ്കാളികളായി.
ആരെ കസ്റ്റഡിയിലെടുത്താലും എത്രപേരെ കസ്റ്റഡിയിലെടുത്താലും ഈ പ്രക്ഷോഭം അനന്തമായി മുന്നോട്ട് പോകുമെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. ഡൽഹി നഗരത്തിന്റെ ഹൃദയഭാഗത്താണ് നൂറുകണക്കിന് ചെറുപ്പക്കാരും എം.പി.മാരും പ്രക്ഷോഭം നടത്തുന്നതെന്നും കേന്ദ്രത്തിന് പ്രതിഷേധത്തെ തളർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് എ.എ. റഹീം എം.പി. പറഞ്ഞു. ദേശീയപതാക കൈയിലേന്തുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നത്? ഇത് കുറ്റകൃത്യമാണെങ്കിൽ ഞങ്ങളത് വീണ്ടും വീണ്ടും ഉയർത്തിക്കാണിക്കും. ദേശീയപതാക സംരക്ഷിക്കാനും രാജ്യത്തെ സംരക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടത്തിലാണ് ഞങ്ങളെല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരംഗ മാർച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചയോടെ ഡൽഹി പോലീസ് അഭിജീത്തിന് നോട്ടീസ് നൽകിയിരുന്നു. ഈ നിർദേശം ലംഘിച്ചു എന്ന കുറ്റം ആരോപിച്ചാണ്, മാർച്ച് ആരംഭിക്കുന്നതിന് മുന്നേതന്നെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.