മഹാരാഷ്ട്രയിലെ ലഡ്കി ബഹീൻ പദ്ധതിയിൽ വെട്ടിനിരത്തൽ, ലക്ഷക്കണക്കിനെ പേരെ ഒഴിവാക്കി

മുംബൈ: മഹാരാഷ്ട്രയിലെ ലാഡ്കി ബഹീൻ പദ്ധതിയിൽ നിന്ന് 92 ലക്ഷം ഗുണഭോക്താക്കളെ നീക്കം ചെയ്തതായി റിപ്പോർട്ട്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച ജനപ്രിയ ക്ഷേമപദ്ധതിയാണ് മുഖ്യമന്ത്രി മാജി ലഡ്കി ബഹീൻ യോജന. ഈ പദ്ധതിയിലാണ് ഇപ്പോൾ വലിയ വെട്ടിനിരത്തലുണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാർ വെളിപ്പെടുത്തിയതിനെക്കാൾ വലിയ ഒഴിവാക്കലാണ് നടന്നിട്ടുള്ളത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പദ്ധതിയിൽ തുടരുന്നതിന് ഇലക്ട്രോണിക് കെവൈസി നടപടികൾ നിർബന്ധമായും പൂർത്തിയാക്കണം. ഇതിൽ പരാജയപ്പെട്ടവരാണ് ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവുമെന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നത്.
ഏകദേശം 62 ലക്ഷം ഗുണഭോക്കതാക്കൾ ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടു. ഇതുകൂടാതെ 2.5 ലക്ഷം രൂപയെക്കാൾ കൂടുതൽ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ സ്ത്രീകൾ, സർക്കാർ ജീവനക്കാർ, മറ്റ് ഷേമ പദ്ധതികളിൽ നിന്ന് ആനുകൂല്യം കൈപ്പറ്റുന്നവർ, പ്രായപരിധി കഴിഞ്ഞവർ എന്നിവരും അയോഗ്യരാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. പദ്ധതിയിൽ നടത്തിയ വ്യാപകമായ പരിശോധനയ്ക്ക് ശേഷം രജിസ്റ്റർ ചെയ്തിരുന്ന ഓരോ 10 സ്ത്രീകളിൽ 4 പേർ വീതമെങ്കിലും ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഏകദേശം 29,000 പുരുഷന്മാരും പദ്ധതിയിലൂടെ നിയമവിരുദ്ധമായി ആനുകൂല്യം നേടിയതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
92 ലക്ഷം പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾ സർക്കാർ നിഷേധിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ ഏകദേശം 15 ലക്ഷത്തോളം അപേക്ഷകർ അയോഗ്യരാണെന്ന് കണ്ടെത്തിയതായി വനിതാ ശിശുവികസന മന്ത്രി അതിഥി തത്കറെ വ്യക്തമാക്കി. എന്നാൽ അർഹരായ ഒരു സ്ത്രീയെ പോലും പദ്ധതിയിൽ നിന്ന് ഒഴിവാക്കില്ലെന്നും അവർ പറഞ്ഞു. പദ്ധതിയിൽ കൃത്യത ഉറപ്പാക്കുന്നതിനും അർഹരായവരിലേക്ക് മാത്രം ആനുകൂല്യം എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഇ-കെവൈസി നിർബന്ധമാക്കിയത്. 90 ലക്ഷം പേരെ ഒഴിവാക്കിയെന്ന പ്രചാരണം തെറ്റാണെന്നും നിലവിൽ 1.67 കോടി മുതൽ 1.70 കോടി വരെ സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നും മന്ത്രി അറിയിച്ചു.
2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലഡ്കി ബഹീൻ പദ്ധതി മഹായുതി സർക്കാർ അവതരിപ്പിച്ചത്. അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നതാണ് പദ്ധതി.
പദ്ധതി കൊണ്ടുവന്ന ഘട്ടത്തിൽ 2.43 കോടി ഗുണഭോക്താക്കൾ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 1.5 കോടിയിലധികം സ്ത്രീകൾ മാത്രമാണ് പരിശോധനയ്ക്ക് ശേഷമുള്ളത് എന്നാണ് റിപ്പോർട്ടുകൾ. ഗുണഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതിനെ തുടർന്ന് സർക്കാർ പദ്ധതിയുടെ ബജറ്റ് വിഹിതത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 36,000 കോടി രൂപയായിരുന്നു ബജറ്റ് വിഹിതം. അത് നടപ്പ് വർഷത്തിൽ 26,500 കോടി രൂപയായി സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. അയോഗ്യരായവരിൽ നിന്നും പണം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ,എന്നാൽ പുരുഷ ഗുണഭോക്ക്താക്കളും സർക്കാർ ജീവനക്കാരും ഒഴുകെയുള്ള മറ്റാരിൽനിന്നും തുക ഈടാക്കില്ലെന്നും വനിതാശിശു വികസന മന്ത്രി അതിഥി തത്കറെ വ്യക്തമാക്കി. അതേസമയം പരിശോധന പൂർത്തിയാകുന്നതിനു മുൻപേ അയോഗ്യരാക്കപ്പെട്ടവർക്ക് ഏകദേശം 14,000 കോടി രൂപയോളം ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. പദ്ധതിയുടെ സാമ്പത്തിക മാനേജ്‌മെന്റിൽ വലിയപോരായ്മകൾ ഉള്ളതായി സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Over 9.2 million beneficiaries removed from Ladki Bahin Yojana due to e-KYC failures and eligibility issues., Government denies high exclusion numbers, claiming 1.67-1.70 crore active beneficiaries., Annual budget for the scheme reduced from 36,000 crore to 26,500 crore., Strict verification process uncovered ineligible applicants, including government employees and men., Recovery process initiated for funds distributed to ineligible individuals.