എട്ടുകൊല്ലമായി ഭീഷണിയും പരിഹാസവും നേരിടുന്നു - സോഷ്യൽ മീഡിയയിൽ കുൽദീപ് സേംഗറിന്റെ മകൾ

ന്യൂഡൽഹി: കഴിഞ്ഞ എട്ടുവർഷമായി താനും കുടുംബവും ഭീഷണിയും മാനസിക സമ്മർദങ്ങളും നേരിടുകയാണെന്ന് ഉന്നാവോ ബലാത്സംഗക്കേസ് പ്രതി കുൽദീപ് സേംഗറിന്റെ മകൾ ഇഷിത. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവരുടെ പ്രതികരണം.
തന്റെ വ്യക്തിത്വം ഒരു ബിജെപി എംഎൽഎയുടെ മകൾ എന്ന ലേബലിലേക്ക് മാത്രം ചുരുക്കപ്പെട്ടുവെന്നും ഇത് തന്നെ നീതിക്കും, മാന്യതയ്ക്കും, സംസാരിക്കാനുള്ള അവകാശത്തിൽ നിന്നു പോലും അയോഗ്യയാക്കുന്നത് പോലെയാണെന്നും ഇഷിത കത്തിൽ പറയുന്നു. താൻ കൊല്ലപ്പെടണമെന്നും പീഡിപ്പിക്കപ്പെടണമെന്നും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണികൾ വരാറുണ്ട്. തങ്ങളുടെ കുടുംബം എട്ട് വർഷമായി നിശബ്ദത പാലിച്ചത് നിയമവ്യവസ്ഥയിലും ഭരണഘടനയിലും വിശ്വാസമുള്ളതുകൊണ്ടാണ്. എന്നാൽ ആ നിശബ്ദതയ്ക്ക് നൽകേണ്ടി വന്ന വില തങ്ങളുടെ അന്തസ്സും സമ്പത്തും വൈകാരികമായ കരുത്തുമായിരുന്നുവെന്ന് കത്തിൽ പറയുന്നു.
സഹതാപം പിടിച്ചുപറ്റാനോ ആരെയും ഭീഷണിപ്പെടുത്താനോ അല്ല, മറിച്ച് ഭയന്നുവിറച്ചിരിക്കുന്ന ഒരു മകൾ എന്ന നിലയിലാണ് ഈ കത്ത് എഴുതുന്നത്. എട്ട് വർഷമായി ഓരോ ദിവസവും ഞങ്ങൾ അവഹേളിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു. ഞങ്ങൾ സാമ്പത്തികമായും, മാനസികമായും, ശാരീരികമായും ക്ഷീണിച്ചു. ഒരു ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് ഓടിക്കൊണ്ടിരിക്കുന്നു. തട്ടാത്ത വാതിലുകളില്ല. സമീപിക്കാത്ത അധികാരികളില്ല. എന്നിട്ടും ആരും കേട്ടില്ല.
ഒരു സിസ്റ്റം നിങ്ങളുടെ നിലനിൽപ്പ് അംഗീകരിക്കാൻ പോലും തയ്യാറാകാത്തത് പോലെ ദിവസവും നിങ്ങളുടെ പേര് ചെളിയിൽ വലിച്ചിഴിക്കുന്നത് കാണുമ്പോൾ, നിശ്ശബ്ദമായി ഇരിക്കാൻ നിങ്ങളെ നിർബന്ധിതരാക്കുന്ന എന്ത് ശക്തിയാണുള്ളതെന്ന് അവർ കത്തിൽ ചോദിച്ചു. ഇന്ന് തന്നെ ഭയപ്പെടുത്തുന്നത് അനീതി മാത്രമല്ല, ഭയം കൂടിയാണ്. മനഃപൂർവ്വം നിർമ്മിക്കപ്പെട്ട ഒരു ഭയം. വിധികർത്താക്കൾ, പത്രപ്രവർത്തകർ, സ്ഥാപനങ്ങൾ, സാധാരണ പൗരന്മാർ എല്ലാവരും നിശ്ശബ്ദരാകാൻ സമ്മർദ്ദം ചെലുത്തുന്നത്ര ഉച്ചത്തിലുള്ള ഒരു ഭയം. ആരും തങ്ങളോടൊപ്പം നിൽക്കാൻ ധൈര്യപ്പെടാതിരിക്കാനും, ആരും തങ്ങളെ കേൾക്കാൻ ധൈര്യപ്പെടാതിരിക്കാനും വസ്തുതകൾ നോക്കാമെന്ന് പറയാൻ ആരും ധൈര്യപ്പെടാതിരിക്കാനും രൂപകൽപ്പന ചെയ്ത ഒരു ഭയം. അവർ കത്തിൽ കുറിച്ചു.
2017-ലെ ഉന്നാവോ പീഡനക്കേസിൽ കുൽദീപ് സിങ് സെൻഗാറിന് ലഭിച്ച ജീവപര്യന്തം തടവ് ഡൽഹി ഹൈക്കോടതി നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഏഴര വർഷത്തോളം അദ്ദേഹം ജയിലിൽ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ തീർപ്പാക്കുന്നത് വരെ ശിക്ഷ മരവിപ്പിച്ചത്. എന്നാൽ, ഡൽഹി ഹൈക്കോടതിയുടെ ഈ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
Content Highlights: Kuldeep Singh Sengar`s daughter writes an open letter seeking justice, citing relentless threats and the family`s struggle for eight years. Read her poignant plea.