ഉത്സവകാലത്തെ തിരക്ക്; കൊല്ലം-ഹുബ്ബള്ളി സ്‌പെഷ്യല്‍ ട്രെയിന്‍, മാവേലിയില്‍ അധിക കോച്ച്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചെന്നൈ: ശബരിമല, ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ. ഹുബ്ബള്ളി-കൊല്ലം-ഹുബ്ബള്ളി റൂട്ടിലാണ് പ്രതിവാര സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ പ്രഖ്യാപിച്ചത്.

ഹുബ്ബള്ളി-കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍(07313) സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ 28 വരെ എല്ലാ ഞായറാഴ്ചകളിലും പകല്‍ 3.15-ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം ഉച്ചയ്ക്ക് 12.55-ന് ഈ ട്രെയിന്‍ കൊല്ലത്ത് എത്തിച്ചേരും. കൊല്ലം-ഹുബ്ബള്ളി സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍(07314) സെപ്റ്റംബര്‍ 29 മുതല്‍ ഡിസംബര്‍ 29 വരെ എല്ലാ തിങ്കളാഴ്ചകളിലും വൈകീട്ട് അഞ്ചുമണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം വൈകീട്ട് ആറരയ്ക്ക് ഈ ട്രെയിന്‍ ഹുബ്ബള്ളിയിലെത്തും.

ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ട്.

മാവേലി എക്‌സ്പ്രസില്‍ അധിക കോച്ച്

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസില്‍(16603/16604) അധികമായി ഒരു സ്ലീപ്പര്‍കോച്ച് അനുവദിച്ചു.

16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ സെപ്റ്റംബര്‍ 25,26,27,30 ഒക്ടോബര്‍ 02,04 തീയതികളിലാണ് അധികമായി ഒരു സ്ലീപ്പര്‍ക്ലാസ് കോച്ചുണ്ടാവുക.

16604 തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസ് സെപ്റ്റംബര്‍ 26,27,28, ഒക്ടോബര്‍ 01,03,05 തീയതികളിലും അധികമായി ഒരു സ്ലീപ്പര്‍ക്ലാസ് കോച്ചുമായി സര്‍വീസ് നടത്തും.

Content Highlights: South Western Railway introduces special weekly express trains between Hubballi and Kollam to manage Sabarimala and festive season rush. Additional coach for Maveliexpress.