കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മെഡിക്കൽ വിദ്യാർഥി; മൃതദേഹം കണ്ടെടുത്തു

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ചെന്നൈ: കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. കോയമ്പത്തൂർ സ്വദേശിയായ നന്ദകുമാർ (21) ആണ് മരിച്ചത്. കാണതായി മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയായ നന്ദകുമാർ‍ അഞ്ചുവീട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.

കോയമ്പത്തൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്കെത്തിയ 11 അംഗ സംഘത്തിലെ അംഗമായിരുന്നു നന്ദകുമാറെന്ന് പോലീസ് പറഞ്ഞു. കൊടൈക്കനാലിലെ അഞ്ചുവീട് വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലെ അഞ്ചുപേർ അപകടസാധ്യത അവഗണിച്ച് കുളിക്കാനിറങ്ങുകയായിരുന്നു.

ഈ വെള്ളച്ചാട്ടം പ്രകൃതിഭംഗിക്ക് പേരുകേട്ടതാണെങ്കിലും, മഴക്കാലത്ത് അതീവ അപകടകാരിയാണ്. യാത്രക്കാർക്ക് അനുമതി നൽകിയിട്ടുള്ള വ്യൂപോയിന്റുകളിൽ നിന്ന് മാറിപ്പോകരുതെന്നും വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ അപകടസാധ്യത അവഗണിച്ചാണ് നന്ദകുമാർ ഉൾപ്പെടെ സംഘത്തിലെ അഞ്ചുപേർ അരുവിയിൽ കുളിക്കാനായി ഇറങ്ങിയത്. കനത്ത മഴയുള്ള സമയത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയത്. ശക്തമായ ഒഴുക്കിൽ നന്ദകുമാർ ഒഴുകിപോയി.

മോശം കാലാവസ്ഥയും വഴുവഴുപ്പുള്ള ഭൂപ്രദേശവും അവഗണിച്ച് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മൂന്നുദിവസം നടത്തിയ വിപുലമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വെള്ളച്ചാട്ടത്തിന് താഴെയായി ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് നന്ദകുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Content Highlights: Body of a 21-year-old Coimbatore medical student, swept away at Anjuveedu waterfall near Kodaikanal, recovered after three-day search. Officials warn of monsoon dangers.