കേരളം മാതൃക; ചെന്നൈയില്‍ വാട്ടര്‍ മെട്രോയുടെ സാധ്യതാപഠനം തുടങ്ങി

കൊച്ചി വാട്ടര്‍ മെട്രോ | ഫയല്‍ചിത്രം | ഫോട്ടോ: ശ്രീജിത്ത് പി. രാജ്/ മാതൃഭൂമി
കൊച്ചി വാട്ടര്‍ മെട്രോ | ഫയല്‍ചിത്രം | ഫോട്ടോ: ശ്രീജിത്ത് പി. രാജ്/ മാതൃഭൂമി

ചെന്നൈ: കൊച്ചിയുടെ മാതൃകപിന്തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങുന്നതിന് സാധ്യതാപഠനം തുടങ്ങി. നേപ്പിയര്‍ ബ്രിഡ്ജിനു സമീപത്തുനിന്ന് ബക്കിങാം കനാല്‍ വഴി കോവളം ബീച്ചുവരെ 53 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് ആലോചിക്കുന്നത്.

തമിഴ്നാട് ജലവിഭവവകുപ്പും ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും തമിഴ്നാട് മരിടൈം ബോര്‍ഡും ചേര്‍ന്നാണ് സാധ്യതാപഠനം നടത്തുന്നത്. കൊച്ചിയിലെ കായലുകളില്‍നിന്ന് ഭിന്നമായി ചെന്നൈയിലെ ബക്കിങാം കനാല്‍ ചെളിയും മാലിന്യങ്ങളും അടിഞ്ഞ് നീരൊഴുക്കു തടസ്സപ്പെട്ട് കിടക്കുകയാണെന്നതാണ് അധികൃതര്‍ക്കു മുന്നിലുള്ള പ്രധാനവെല്ലുവിളി.

ചെളിനീക്കിയും ജലശുദ്ധീകരണ പദ്ധതികള്‍ നടപ്പാക്കിയും കനാല്‍ പുനരുജ്ജീവിപ്പിച്ച ശേഷമേ അതിലൂടെ ഗതാഗതം സാധ്യമാവൂ. ബക്കിങാം കനാലിന്റെ പുനരുദ്ധാരണം ചെന്നൈ നഗരത്തിനെ പ്രളയക്കെടുതികളില്‍നിന്ന് രക്ഷിക്കാന്‍ അനിവാര്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചെളിനീക്കുന്നതിനു പുറമേ, കനാലിലേക്ക് ഒഴുകുന്ന അഴുക്കുവെള്ളം ശുദ്ധീകരിച്ച് ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ഇതിനും വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങുന്നതിനുംകൂടി 3,000 കോടി രൂപ മുതല്‍ 5,000 കോടി രൂപവരെ ചെലവു വരും. പണം എങ്ങനെ കണ്ടെത്തുമെന്ന് അടുത്തഘട്ടത്തില്‍ ആലോചിക്കും.

പുതിയൊരു ഗതാഗതമാര്‍ഗംകൂടി തുറക്കും എന്നതിനു പുറമേ വാട്ടര്‍ മെട്രോ നഗരത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

അടുത്തഘട്ടത്തില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുകൂടി ഉള്‍നാടന്‍ ജലഗതാഗത സംവിധാനം വ്യാപിപ്പിക്കും. ചെന്നൈ വാട്ടര്‍ മെട്രോ വിജയിച്ചാല്‍ ആന്ധ്രപ്രദേശിനെയും തെലങ്കാനയെയും തമിഴ്നാടിനെയും പുതുച്ചേരിയെയും 1,078 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ ജലഗതാഗത പദ്ധതിയുടെ ഭാഗമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സാധ്യതാപഠനത്തിനുശേഷം വിശദപദ്ധതിരേഖ തയ്യാറാക്കും.

Content Highlights: Chennai initiates feasibility study for 53 km water metro, modeled after Kochi`s, from Napier Bridge