സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം ഒളിച്ചോടുന്നു, ഇത് ചിന്തിക്കാനാകാത്ത സാഹചര്യം- റിജിജു

#ന്യൂസ് ഡെസ്ക്
കിരൺ റിജിജു | Photo: ANI
കിരൺ റിജിജു | Photo: ANI

ന്യൂഡൽഹി: പാർലമെന്റിലെ ചർച്ചയിൽനിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ചർച്ചയ്ക്ക് സർക്കാർ തയ്യാറാകുകയും പ്രതിപക്ഷം തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരമൊരു സാഹചര്യത്തിന് താൻ ആദ്യമായാണ് സാക്ഷ്യംവഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കിരൺ റിജിജു.

'പാർലമെന്റിലെ ചർച്ചയിൽനിന്ന് പ്രതിപക്ഷം ഇങ്ങനെ ഓടിയൊളിക്കുന്നതിൽ ഞാൻ വളരെയധികം നിരാശനാണ്. പാർലമെന്ററി ജനാധിപത്യത്തിൽ സർക്കാർ സഭയിൽ ചർച്ചചെയ്യാനും മറുപടി പറയാനും സന്നദ്ധരാകുകയും എന്നാൽ, പ്രതിപക്ഷം അതിന് തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ചിന്തിക്കാൻപോലും കഴിയാത്തതാണ്. ചർച്ചയില്ലാതെ പാർലമെന്റിന് എങ്ങനെ പ്രവർത്തിക്കാനാകും? പ്രതിപക്ഷം കേൾക്കാൻ തയ്യാറാകുന്നില്ലെങ്കിൽ സർക്കാരിന് തങ്ങളുടെ കാഴ്ചപ്പാട് വിശദീകരിക്കാനോ മറുപടി പറയാനോ കഴിയില്ല', റിജിജു പറഞ്ഞു.

'പ്ലക്കാർഡുകൾ ഉയർത്തുന്നതും മുദ്രാവാക്യം വിളിക്കുന്നതും അസഭ്യവർഷം നടത്തുന്നതുമെല്ലാം ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ സാധാരണകാര്യമായി മാറിയിരിക്കുകയാണ്. മുദ്രാവാക്യംവിളിയും അധിക്ഷേപംചൊരിയലും പ്ലക്കാർഡ് ഉയർത്തലും മാത്രമാണ് തങ്ങളുടെ ജോലി എന്നാണ് കോൺഗ്രസ് എംപിമാർ കരുതുന്നത്. ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള ഇടമാണ് പാർലമെന്റ് എന്ന കാര്യം അവർ മറന്നുപോയിരിക്കുന്നു', മന്ത്രി തുടർന്നു.

ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തേക്കുറിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് നേരത്തേ കിരൺ റിജിജു പറഞ്ഞിരുന്നു. വിദ്യാർഥികൾക്കെതിരെ നടന്ന പോലീസ് അതിക്രമങ്ങളെച്ചൊല്ലി പാർലമെന്റിൽ തർക്കം തുടരുന്ന പശ്ചാത്തലത്തിൽ, പ്രതിപക്ഷത്തിന്റെ ആശങ്കകൾ കേൾക്കാനും എല്ലാ കാര്യങ്ങൾക്കും മറുപടിനൽകാനുമായി ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ നാളെ വൈകുന്നേരം മൂന്ന് മണി വരെ പാർലമെന്റിലിരിക്കാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷം ഇത് തള്ളുകയായിരുന്നു. അമിത് ഷായുടെ പ്രഭാഷണം കേട്ടിരിക്കാൻ താത്പര്യമില്ലെന്നും വിദ്യാർഥികൾക്കുനേരെ വെടിയുതിർക്കാൻ ഉത്തരവിട്ടിരുന്നോ ഇല്ലയോ എന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമാണ് അദ്ദേഹത്തിൽനിന്ന് അറിയേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'അമിത് ഷായുടെ പ്രഭാഷണം കേട്ടിരിക്കാൻ താൽപര്യമില്ലെന്ന് പ്രതിപക്ഷം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞാൻ 'ഞങ്ങൾ' എന്ന് പറയുമ്പോൾ, ഉദ്ദേശിക്കുന്നത് ഈ രാജ്യത്തെ യുവതലമുറയെയാണ്. ആരാണ് വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത്? ആണികളുള്ള ലാത്തികൾ ഉപയോഗിച്ച് വിദ്യാർഥികളെ തല്ലാൻ ആരാണ് ഉത്തരവിട്ടത്? നമ്മുടെ കുട്ടികളെ വെടിവെക്കാൻ ഈ ഉത്തരവ് നൽകിയത് അമിത് ഷായാണോ? എങ്കിൽ അദ്ദേഹം രാജിവെക്കണം', രാഹുൽ പറഞ്ഞു.

'കഴിഞ്ഞ 20 ദിവസമായി അമിത് ഷായെ കാണാനില്ല. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിക്ക് ധൈര്യമില്ല. അദ്ദേഹത്തിന് സഭയിലേക്ക് വരാൻ കഴിയുന്നില്ല. ഒരു മനുഷ്യന് സത്യം പറയാൻ ധൈര്യമില്ലാതെ വരുമ്പോൾ അയാളുടെ മൗനം അയാൾക്കുവേണ്ടി സംസാരിക്കും. അമിത് ഷായുടെ മൗനം അദ്ദേഹത്തിന്റെ കുറ്റസമ്മതമാണ്', രാഹുൽ ഗാന്ധി പറഞ്ഞു.

Content Highlights: Union Parliamentary Affairs Minister Kiren Rijiju criticized the Opposition for avoiding parliamentary debates, expressing dismay over their reluctance to discuss the Delhi student protest issue despite Government and Home Minister Amit Shah's willingness to respond in Parliament.