‘എഐ ചിത്രംപോലും ഉണ്ടാക്കാനറിയില്ല’: റാലിയെ പരിഹസിച്ച് കിരൺ റിജിജു; വീഡിയോ പങ്കുവെച്ച് കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
കിരൺ റിജിജു, എക്സിൽ പങ്കുവെച്ച ഫോട്ടോ | Photo: ANI/X@KirenRijiju
കിരൺ റിജിജു, എക്സിൽ പങ്കുവെച്ച ഫോട്ടോ | Photo: ANI/X@KirenRijiju

ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്ത് 'ഇന്ത്യ' സഖ്യം സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ ജനപങ്കാളിത്തം കാണിക്കാൻ കോൺഗ്രസ് എഐ നിർമിത വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. തെലങ്കാനയിൽനിന്നുള്ള കോൺഗ്രസ് എംപി വംശി ഗഡ്ഡം, സിഡബ്ല്യുസി അംഗവും മുൻ എംപിയുമായ ജഗ്ദീഷ് ഠാക്കൂർ തുടങ്ങിയ നേതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റാലി ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു റിജിജുവിൻ്റെ ആരോപണം.

റാംലീല മൈതാനം നിറഞ്ഞുകവിഞ്ഞതായി കാണിക്കാൻ കോൺഗ്രസിന്റെ പ്രചാരണ സംഘത്തിന് എഐ ചിത്രം പോലും കൃത്യമായി തയ്യാറാക്കാൻ സാധിച്ചില്ലെന്ന് റിജിജു എക്സിൽ കുറിച്ചു. വേദിയിൽ രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും എഐ ചിത്രങ്ങളാണ് എഡിറ്റ് ചെയ്ത് ചേർത്തതെന്നും ഇത് യഥാർഥ വേദിയിൽനിന്ന് വ്യത്യസ്തമാണെന്നും സോഷ്യൽ മീഡിയയിലും വിമർശനമുയർന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളും വോട്ട് മോഷണവും ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഞായറാഴ്ച പ്രതിഷേധ റാലി സംഘടിപ്പിച്ചത്. റാലിക്ക് മുന്നോടിയായി ശനിയാഴ്ച വൈകുന്നേരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വെച്ച് ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘ഇംപീച്ച്മെന്റ്’ പ്രതിഷേധവും പ്രതിപക്ഷം നടത്തിയിരുന്നു.

റാലിയിൽ 10 ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതിപക്ഷം അവകാശപ്പെട്ടിരുന്നെങ്കിലും റാലി പൂർണ പരാജയമായിരുന്നുവെന്നാണ് ബിജെപിയുടെ വാദം. റാലി നടന്ന സമയത്ത് മൈതാനത്തിൻ്റെ 40 ശതമാനവും ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും മൈതാനത്തിട്ട 28,000 കസേരകളിൽ 7,000 കസേരകൾ വരെ കാലിയായിരുന്നുവെന്നും ബിജെപി വക്താവും എംപിയുമായ സംബീത് ആരോപിച്ചു.

എഐ ട്രിക്ക് ഫോട്ടോഗ്രാഫി കൊണ്ട് ആർക്കും പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് അനധികൃതമാണെങ്കിൽ കോടതിയിൽ ഹർജി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ബിജെപി ദേശീയ വക്താവ് സി.ആർ. കേശവനും വേദിയിലെ ഒഴിഞ്ഞ കസേരകളുടെയും ആളുകൾ ഇറങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധിയെ വിമർശിച്ചു. അതേസമയം, ബിജെപിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാൻ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തുവെന്ന് കാണിക്കുന്ന ഡ്രോൺ ദൃശ്യങ്ങളും ചിത്രങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.

Content Highlights: Union Minister Kiren Rijiju accused Congress of using fake AI-generated images to show high attendance at the INDIA bloc rally., Congress leaders Vamsi Gaddam and Jagdish Thakor were specifically called out for sharing the manipulated images., BJP claimed the rally was a failure with 40 percent of the ground empty, while Congress defended it with drone visuals.