കൊലക്കേസിൽ ശിക്ഷ, പരോളിലിറങ്ങി കംബോഡിയയിലേക്ക് മുങ്ങി; കെട്ടിപ്പടുത്തത് വൻ ബിസിനസ്സ് സാമ്രാജ്യം

ന്യൂഡൽഹി: കംബോഡിയക്കാരിയായ പെൺസുഹൃത്തിനെ വിവാഹം കഴിക്കുന്നതിനായി ഹരിയാണ ജയിലിൽ കഴിയുന്ന കൊലപാതക കേസിലെ പ്രതിക്ക് കഴിഞ്ഞദിവസം 12 മണിക്കൂർ പരോൾ അനുവദിച്ചിരുന്നു. ദില്ല എന്നറിയപ്പെടുന്ന മെയിൻപാൽ ബദ്‌ലിയാണ് കംബോഡിയക്കാരിയെ വിവാഹം കഴിച്ചത്. ഒരുതവണ പരോളിലിറങ്ങി കംബോഡിയയിലേക്ക് മുങ്ങി അവിടെ കുടുംബ ജീവിതവും ബിസിനസ്സ് സാമ്രാജ്യവും കെട്ടിപ്പടുത്തശേഷമാണ് ദില്ല ഹരിയാണയിലെ ജയിലിലേക്കുതന്നെ തിരിച്ചെത്തിയത്.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ഹരിയാണയിലെ ജയിലിൽ കഴിയവെ 2018 ജൂലായിലാണ് ദില്ലയ്ക്ക് ആറാഴ്ചത്തെ പരോൾ ലഭിച്ചത്. ജയിലിൽനിന്ന് പുറത്തിറങ്ങിയ ദില്ല പിന്നീട് തിരിച്ചുവന്നില്ല. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് അതിർത്തി കടന്നു. ഒടുവിൽ കംബോഡിയയിൽ സ്ഥിരതാമസമാക്കി. അവിടെ വീടുവാങ്ങുകയും റെസ്റ്റോറന്റ് സ്ഥാപിക്കുകയും ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. ഇതിനിടെ മൂന്ന് കുട്ടികളുടെ പിതാവാകുകയും ചെയ്തു.
ഹരിയാണയിലെ ഝജ്ജർ ജില്ലയിലെ ബദ്ലി ഗ്രാമത്തിലുള്ളയാളാണ് മെയിൻപാൽ. കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടി, ഭീഷണിപ്പെടുത്തൽ, പോലീസുകാരെ ആക്രമിക്കൽ തുടങ്ങിയ ഗുരുതരമായ കേസുകളിലെ പ്രതിയാണ് ഇയാൾ. 24-ഓളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്നാണ് പോലീസ് രേഖകളിൽ പറയുന്നത്.
കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരവെ, ഹിസാർ ഡിവിഷൻ കമ്മിഷണറുടെയും ഝജ്ജർ ജില്ലാ മജിസ്ട്രേറ്റിന്റെയും ഉത്തരവിനെത്തുടർന്ന് 2018 ജൂലായിൽ ആറാഴ്ചത്തെ പരോൾ ലഭിച്ച് ഹിസാർ ജയിലിൽനിന്ന് പുറത്തിറങ്ങി. ഉത്തരവ് പ്രകാരം ഓഗസ്റ്റ് 29-നകം ഹിസാർ ജയിലിൽ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ, അദ്ദേഹം തിരിച്ചെത്തിയില്ല. ഇതോടെ ജയിൽനിയമം പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇയാളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഹരിയാണ പോലീസ് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, വിവരമൊന്നും ലഭിച്ചില്ല. ഈ സമയം മെയിൻപാൽ നാടുവിടാനുള്ള നീക്കത്തിലായിരുന്നു.
ഗുഡ്ഗാവ് സ്വദേശിയാണെന്ന് അവകാശപ്പെട്ട്, സോനു കുമാർ എന്ന വ്യാജപേരിൽ ഇയാൾ ഇതിനിടെ പാസ്‌പോർട്ട് സ്വന്തമാക്കുകയും ചെയ്തു. ഗുഡ്ഗാവിലെ വിലാസം വ്യാജമാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ തെളിയുകയും, തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പാസ്പോർട്ട് നിയമപ്രകാരം കൂടുതൽ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.
വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ചതിന് പിന്നാലെ മെയിൻപാൽ ഇന്ത്യ വിട്ടു. 2019 ജൂലായ് ഏഴിന് അദ്ദേഹം കൊൽക്കത്ത വിമാനത്താവളത്തിൽനിന്ന് ബാങ്കോക്കിലേക്ക് കടന്നു. തായ്ലൻഡിൽ 22 ദിവസത്തോളം തങ്ങിയശേഷം അവിടുന്ന് കംബോഡിയയിലേക്ക് കടന്നു. അവിടെ സ്ഥിരതാമസമാക്കി. അവിടെവെച്ച് ചെൻ മേതയെ കണ്ടുമുട്ടിയെന്നും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെന്നും മെയിൻപാൽ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.
ആദ്യം ഒരു വാടക ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഏകദേശം ഒരു മാസത്തിനുശേഷം, ചെൻ മേതയുമായി ചേർന്ന് 10,000 ഡോളർ മുടക്കി ഒരു വീട് വാങ്ങുകയായിരുന്നു. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി.
പിന്നീട് അവിടെ അദ്ദേഹം ബിസിനസ്സും ആരംഭിച്ചു. 'കൊൺടിയായ്' എന്ന പേരിൽ ഒരു നെെറ്റ് ക്ലബ്ബും 'അങ്കോർ' എന്ന പേരിൽ ഒരു റെസ്റ്റോറന്റും തുറന്നു. മറുഭാഗത്ത് കുടുംബവും വളർന്നു. മൂന്നു മക്കളുണ്ടായി. അഞ്ച് വയസ്സുകാരനായ ബാഹുബലി, നാല് വയസ്സുകാരനായ ഭഗത് കുമാർ, ഒരു വയസ്സുകാരിയായ ആസ്ത. എന്നാൽ, ആറ് വർഷത്തിനുശേഷം ജീവിതത്തിൽ മറ്റൊരു വഴിത്തിരിവുണ്ടായി. 2025-ൽ വിസ പുതുക്കാൻ ചെന്നതോടെ യഥാർത്ഥ വസ്തുത വെളിപ്പെട്ടു.
ഹരിയാണ പോലീസിന്റെയും കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെയും സഹകരണത്തോടെ സി.ബി.ഐ ഏകോപിപ്പിച്ച ഓപ്പറേഷനിലൂടെ കംബോഡിയയിൽനിന്ന് നാടുകടത്തപ്പെട്ട മെയിൻപാലിനെ ഒടുവിൽ ഇന്ത്യയിലെത്തിക്കുകയായിരുന്നു.
തുടർന്ന് ജയിലിൽ കഴിയവെ മെയിൻപാൽ ധില്ല വ്യാഴാഴ്ച 12 മണിക്കൂർ കസ്റ്റഡി പരോളിൽ പുറത്തിറങ്ങി തന്റെ കംബോഡിയൻ പങ്കാളിയെ വിവാഹം കഴിക്കുകയും ചെയ്തു. രാവിലെ എട്ടുമണി മുതൽ 12 മണിക്കൂർ കസ്റ്റഡി പരോളിലായിരുന്നു അദ്ദേഹം. ഒരു ഫാം ഹൗസിൽവെച്ചായിരുന്നു വിവാഹം. ചടങ്ങിനുശേഷം ജയിലിലേക്ക് തന്നെ കൊണ്ടുപോകുകയും ചെയ്തു. വിവാഹത്തിന് സാക്ഷിയായി മൂന്ന് കുട്ടികളും എത്തിയിരുന്നു.
Content Highlights: Mainpal Dhilla jumped parole in 2018 after being convicted of murder in Haryana., He escaped to Cambodia using a fake passport, built businesses, and had three children., He was deported back to India in 2025 and recently granted a 12-hour custody parole to marry his Cambodian partner.