കര്‍ണാടകയില്‍ വീണ്ടും ഭൂമി കൈമാറ്റ ആരോപണം; ഇത്തവണ ബിജെപിയുടെ ലക്ഷ്യം ഖാര്‍ഗെ

ലഹര്‍ സിങ് സിറോയ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ | Photo: PTI
ലഹര്‍ സിങ് സിറോയ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ | Photo: PTI

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ഭൂമികൈമാറ്റ ആരോപണമുയര്‍ത്തി ബി.ജെ.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (കെ.ഐ.എ.ഡി.ബി) ഭൂമി അനുവദിച്ചത് അനധികൃതമായാണെന്നാണ് ആരോപണം. ഖാര്‍ഗെയുടെ മകന്‍ രാഹുല്‍ ഖാര്‍ഗെ നേതൃത്വം നല്‍കുന്ന സിദ്ധാര്‍ഥ വിഹാര ട്രസ്റ്റിന് അഞ്ച് ഏക്കര്‍ സ്ഥലം കൈമാറിയത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. രാജ്യസഭാ എം.പി. ലഹര്‍സിങ് സിറോയ ആരോപണവുമായി രംഗത്തെത്തിയത്.

ബെംഗളൂരുവിന് അടുത്തുള്ള ഹൈടെക് ഡിഫന്‍സ് എയ്‌റോസ്‌പെയ്‌സ് പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കാനായി മാറ്റിവെച്ച 45.94 ഏക്കറിലെ അഞ്ചേക്കറോളം സ്ഥലമാണ് ട്രസ്റ്റിന് അനുവദിച്ചത്. പട്ടികജാതി വിഭാഗക്കാര്‍ക്ക് അനുവദിക്കേണ്ട സ്ഥലം ലഭിച്ചത് ഖാര്‍ഗെയുടെ ഭാര്യയും മരുമകനും മക്കളും ചേര്‍ന്ന ട്രസ്റ്റിനാണെന്നും ഇത് അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും ലഹര്‍സിങ് സിറോയ ആരോപിച്ചു.

കെ.ഐ.എ.ഡി.ബി. ഭൂമി അനുവദിക്കപ്പെടാന്‍ എപ്പോഴാണ് ഖാര്‍ഗെ കുടുംബം വ്യോമയാന വ്യവസായത്തിലേക്ക് ഇറങ്ങിയതെന്ന് ചോദിച്ച അദ്ദേഹം, നിയമവിരുദ്ധമായ ഭൂമി കൈമാറ്റം ഗവര്‍ണറുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ചിത തുകയ്ക്ക്, ഇളവുകള്‍ ഒന്നുമില്ലാതെയാണ് ഭൂമി അനുവദിച്ചതെന്നും കര്‍ണാടക വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ പ്രതികരിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ് ഭൂമി ഏറ്റെടുത്തതെന്ന് ഖാര്‍ഗെയുടെ മറ്റൊരു മകനും ട്രസ്റ്റിലെ അംഗവും കര്‍ണാടക ഐ.ടി. മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. നൈപുണ്യവികസന കേന്ദ്രം തുടങ്ങാനാണ് ട്രസ്റ്റ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1994-ൽ രൂപവത്കരിക്കപ്പെട്ട ട്രസ്റ്റിന് കഴിഞ്ഞ മാര്‍ച്ചിലാണ് ഭൂമി അനുവദിച്ചത്. ഖാര്‍ഗെയുടെ ഭാര്യ രാധികഭായ് ഖാര്‍ഗെ, മരുമകനും ഗുല്‍ബര്‍ഗ എം.പിയുമായ രാധാകൃഷ്ണ, പ്രിയങ്ക് ഖാര്‍ഗെ എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളാണ്. രാഹുല്‍ ഖാര്‍ഗെയാണ് ചെയര്‍മാന്‍.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മറ്റൊരു ഭൂമി കൈമാറ്റ ആരോപണത്തില്‍പ്പെട്ടിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരേയും ആരോപണം വരുന്നത്. സിദ്ധരാമയ്യയുടടെ ഭാര്യ പാര്‍വതിക്ക് മൈസൂരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചു നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. പാര്‍വതിക്ക് സഹോദരന്‍ മല്ലികാര്‍ജുന്‍ വാങ്ങിനല്‍കിയ 3.16 ഏക്കര്‍ ഭൂമി മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയസ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് ആരോപണം.

Content Highlights: Kharge family trust got KIADB land near Bengaluru illegally, alleges BJP MP