രണ്ട് മലയാളികള്‍ക്ക് പരം വിശിഷ്ട സേവാമെഡല്‍; ജി.വിജയന്‍ കുട്ടിക്ക് ശൗര്യചക്ര

Air Marshal Saju Balakrishnan, Air Marshal Balakrishnan Manikantan
Air Marshal Saju Balakrishnan, Air Marshal Balakrishnan Manikantan

ന്യൂഡല്‍ഹി: സൈന്യത്തിലെ വിശിഷ്ടസേവനത്തിലുള്ള രാഷ്ട്രപതിയുടെ സേനാമെഡലുകള്‍ പ്രഖ്യാപിച്ചു. വ്യോമസേനയില്‍ നിന്ന് രണ്ട് മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹത നേടി.സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനുമാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്.  എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍ കോട്ടയം സ്വദേശിയാണ്. കരസേനയില്‍ നിന്ന് ലഫ്.ജനറല്‍ ഭുവന കൃഷ്ണനും പരം വിശിഷ്ട സേവാ മെഡല്‍ നേടി.

ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി. വിജയന്‍ കുട്ടിക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്രയും നല്‍കും. കശ്മീരിലെ അപകടത്തിലാണ് ശാസ്താംകോട്ട സ്വദേശിയായ വിജയന്‍കുട്ടി മരണപ്പെട്ടത്.റിയാസി - അര്‍നാസ്- മഹോര്‍ റോഡിലെ ഖര്‍ഡ് പാലത്തില്‍ വിജയന്‍ കുട്ടി ഓടിച്ചിരുന്ന സൈന്യത്തിന്റെ ബുള്‍ഡോസര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ താഴ്ചയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. 28 വര്‍ഷം സൈനിക സേവനം അനുഷ്ഠിച്ച വ്യക്തിയാണ് വിജയന്‍ കുട്ടി.

കരസേന ലെഫ്. ജനറല്‍ സാധനാ നായരും  മകന്‍ വ്യോമസേന ഫ്ളൈറ്റ് ലെഫ്റ്റനന്റായ തരുണ്‍ നായരും സേനാ മെഡലിന് അര്‍ഹരായി. സാധനാ നായര്‍ക്ക് അതിവിശിഷ്ട സേവ മെഡലും  തരുണ്‍ നായര്‍ക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡലുമാണ് സമ്മാനിക്കുന്നത്. കരസേന ലെഫ്. ജനറല്‍ ഭുവന്‍ കൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.

സേന മെഡലുകള്‍ക്കൊപ്പം ജീവന്‍ രക്ഷാ പതക് പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.കേരളത്തില്‍ നിന്നുള്ള കെ.എം മനേഷിന് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍ രക്ഷാ പതക് സമ്മാനിക്കും.എറണാകുളം പാഴൂരില്‍  ബലി തര്‍പ്പണത്തിനിടെ ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ രക്ഷിച്ച മനേഷ് പിന്നാലെ മുങ്ങി മരിക്കുകയായിരുന്നു. ദിയ ഫാത്തിമ, മുഹമ്മദ് ഹാഷിര്‍ എന്‍.കെ എന്നീ മലയാളികളും ജീവന്‍ രക്ഷാ പതക് പുരസ്‌കാരത്തിന് അര്‍ഹരായി.

Content Highlights: Two Malayalis from the Air Force and several others receive top military honors