കേരളം എതിർത്തു, കേന്ദ്രം വഴങ്ങി; പമ്പ-അച്ചൻകോവിൽ-വൈപ്പാർ നദീസംയോജനം ഉപേക്ഷിച്ചു

ന്യൂഡൽഹി: പമ്പ, അച്ചൻകോവിൽ നദികളിൽനിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തിരിച്ചുവിടുന്നതിനുള്ള നദീസംയോജന പദ്ധതി കേരളത്തിന്റെ എതിർപ്പിനെത്തുടർന്ന് കേന്ദ്രം ഉപേക്ഷിച്ചു. 1990-കൾമുതൽ കേരളം നിരന്തരമായി ഉയർത്തുന്ന എതിർപ്പിനാണ് അംഗീകാരമായത്.
കഴിഞ്ഞദിവസം ഡൽഹിയിൽച്ചേർന്ന ദേശീയ ജലവികസന ഏജൻസിയുടെ 39-ാമത് വാർഷിക ജനറൽബോഡി യോഗത്തിലും നദികളുടെ അന്തഃസംയോജനത്തിനായുള്ള പ്രത്യേകസമിതിയുടെ 24-ാമത് യോഗത്തിലുമാണ് തീരുമാനം. രണ്ടുയോഗത്തിലും കേരളം കടുത്ത എതിർപ്പുയർത്തി. തുടർന്ന് കേന്ദ്രം ഒഴിവാക്കുന്ന നാലുപദ്ധതികളുടെ കൂട്ടത്തിൽ പമ്പ-അച്ചൻകോവിൽ-വൈപ്പാർ സംയോജനപദ്ധതിയും ഉൾപ്പെടുത്തി.
ഒഴിവാക്കിയ മറ്റുപദ്ധതികൾ
*അസമിലെ ജോഗിഘോപ്പ-ടിസ്ത-ഫറാഖ സംയോജനം
*കർണാടകയിലെ നേത്രാവതി-ഹേമാവതി സംയോജനം
*ബിഹാറിലെ കോസി-മേച്ചി സംയോജനം
വെള്ളം തിരിച്ചുവിടുന്നതിനെ കേരളം എതിർത്തു
തമിഴ്‌നാട്ടിൽ കൃഷിക്കും ജലസേചനത്തിനുമായി പമ്പ, അച്ചൻകോവിൽ നദികളിൽനിന്ന് വൈപ്പാറിലേക്ക് വെള്ളം തിരിച്ചുവിടുന്നതാണ് പദ്ധതി. തമിഴ്‌നാടിന്റെ സമ്മർദത്തെത്തുടർന്ന് ദേശീയ ജലവികസന ഏജൻസിയുടെ കഴിഞ്ഞവർഷത്തെ യോഗത്തിൽ ഉൾപ്പെടുത്തിയെങ്കിലും കേരളം എതിർത്തു. സംസ്ഥാന ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നേരിട്ടെത്തിയാണ് അന്ന് എതിർപ്പുയർത്തിയത്.
പമ്പയും അച്ചൻകോവിലാറും അന്തഃസംസ്ഥാന നദികളല്ലെന്നും സംസ്ഥാനത്തിന്റെ സമ്മതമില്ലാതെ വെള്ളം തിരിച്ചുവിടുന്നത് അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നുമാണ് കേരളം വാദിച്ചത്. നദീസംയോജനത്തിനായുള്ള സ്‌പെഷ്യൽ കമ്മിറ്റിയുടെ 23-ാമത് യോഗം കഴിഞ്ഞ ജൂലായിൽ ചേർന്നപ്പോൾ കേരള ജലവിഭവവകുപ്പ് ചീഫ് എൻജിനിയർ പ്രിയേഷ് വീണ്ടും വിയോജിച്ചു. തമിഴ്‌നാട് ഉദ്യോഗസ്ഥർ ഇത്തവണ കേരളത്തിന്റെ നിലപാടിനെ കാര്യമായി എതിർക്കാതിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി.
പമ്പ-അച്ചൻകോവിൽ-വൈപ്പാർ സംയോജന പദ്ധതി (പിഎവിപി) എന്ത്?
1991-ൽ ജലവികസന ഏജൻസി നടത്തിയ ജലസന്തുലിത പഠനത്തിൽ 2025 വരെയുള്ള ആവശ്യങ്ങളെല്ലാം നിറവേറ്റിക്കഴിഞ്ഞാലും പമ്പയിൽ 161.2 കോടി ഘനമീറ്ററും അച്ചൻകോവിലാറിൽ 151.5 കോടി ഘനമീറ്ററും അധികജലം അവശേഷിക്കുമെന്ന് കണ്ടെത്തി. ഇതിൽ 63.4 കോടി ഘനമീറ്റർ തമിഴ്‌നാട്ടിലേക്ക് ടണൽ വഴി തിരിച്ചുവിടുന്നതാണ് പിഎവിപി. ഇത് തമിഴ്‌നാട്ടിലെ 91,400 ഹെക്ടർ ഭൂമിയിൽ കൃഷിക്ക് വിനിയോഗിക്കും. പദ്ധതിക്കായി പമ്പ കല്ലാറിൽ 150 മീറ്ററും അച്ചൻകോവിൽ കല്ലാറിൽ 160 മീറ്ററും അച്ചൻകോവിലാറിൽ 35 മീറ്ററും ഉയരമുള്ള ഡാമുകൾ പണിയണം. ഇവ മൂന്നിനുമായി 2004 ഹെക്ടർ വനഭൂമി നഷ്ടപ്പെടുത്തണമെന്നതായിരുന്നു വലിയൊരാശങ്ക.
Content Highlights: Kerala`s persistent opposition leads to the scrapping of the Pamba-Achenkovil-Vaipar river linking project by the Centre. Understand the details and impact.