ഹിമാചൽ പ്രദേശിൽനിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി; കെ.സി. വേണുഗോപാലിന്റെ ഇടപെടൽ ഫലംകണ്ടു

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ| ഫോട്ടോ: PTI
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ| ഫോട്ടോ: PTI

ന്യൂഡൽഹി: രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമായി ഹിമാചൽ പ്രദേശിൽനിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ആലപ്പുഴ എംപിയും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് വൈദ്യുതി ലഭ്യമാക്കാൻ ധാരണയായത്.

നിലവിൽ തമിഴ്നാടിന് നൽകിവരുന്ന വൈദ്യുതി വിഹിതത്തിൽ കുറവുവരുത്തിയാണ് കേരളത്തിന് 250 മെഗാവാട്ട് നൽകാൻ ഹിമാചൽ പ്രദേശ് തീരുമാനിച്ചത്. കേരളത്തിന്റെ നിലവിലെ ഊർജ പ്രതിസന്ധിയും അധിക വൈദ്യുതി ആവശ്യകതയും കെ.സി. വേണുഗോപാൽ ഹിമാചൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് കേരളത്തിന് വൈദ്യുതി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഹിമാചൽ സർക്കാർ തീരുമാനിക്കുകയായിരുന്നു.

വൈദ്യുതി കൈമാറ്റവുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ നടപടികൾ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ചചെയ്ത് തീരുമാനിക്കും. വൈദ്യുതി കൈമാറ്റത്തിന്റെ രീതി, സമയക്രമം, മറ്റ് ഔപചാരികതകൾ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ചർച്ചചെയ്യുക.

കേരളത്തിന്റെ വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിലാണ് ഹിമാചൽ പ്രദേശിന്റെ തീരുമാനം സംസ്ഥാനത്തിന് നിർണായകമാകുന്നത്. അടിയന്തരമായി ലഭിക്കുന്ന അധിക വൈദ്യുതി സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.