‘ദേശീയപാതാ വികസനത്തിനായി കേന്ദ്രം 2039 കോടി രൂപ അനുവദിച്ചു’; ഗഡ്കരിയുമായി ചർച്ചനടത്തി പി.കെ. ബഷീർ

ന്യൂഡൽഹി: സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിനായി കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. ഉടൻ നടപ്പാക്കാൻ പോകുന്ന അഞ്ച് പദ്ധതികൾക്കാണ് പണം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പി.കെ. ബഷീർ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിർമ്മാണത്തിന് 40 കോടി രൂപ, തമിഴ്നാട്ടിലെ തിരുമംഗലത്തെയും കൊല്ലത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാത 744-ന് 98.40 കോടി, കോഴിക്കോട് മുതൽ പാലക്കാട് വരെയുള്ള ദേശീയപാതയ്ക്ക് 172 കോടി രൂപ എന്നിങ്ങനെ വിവിധ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കൽ നടപടി അവസാനഘട്ടത്തിൽ നിൽക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കാൻ ധാരണയായി. തിരുവനന്തപുരം-കഴക്കൂട്ടം പാതയ്ക്ക് 66 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊല്ലം-തേനി പാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ-ആഞ്ഞിലിമൂട് വരെയുള്ള നാലുവരിപ്പാതയുടെ വികസനത്തിന് 1663 കോടി രൂപയുടെ കേന്ദ്ര അനുമതിക്കും ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ റോപ്വേ നിർമ്മാണത്തിന് തത്വത്തിൽ അംഗീകാരം ലഭിച്ചെന്നും മന്ത്രി അറിയിച്ചു. ശബരിമലയിലെ പദ്ധതിയുടെ ഡിപിആർ ഉടൻ തയ്യാറാക്കും. ദേശീയപാത 185-ൽ അടിമാലി-കുമളി ദേശീയപാതയുടെ വീതികൂട്ടുന്ന പദ്ധതിയ്ക്ക് അനുമതി ഉടനെ നൽകുമെന്ന് ഗഡ്കരി വ്യക്തമാക്കിയതായും പി.കെ. ബഷീർ അറിയിച്ചു
കൊടുങ്ങല്ലൂർ-അങ്കമാലി ബൈപ്പാസിന്റെ അലൈൻമെന്റ് ഉടനെ ലഭ്യമാക്കും. വെല്ലിങ്ടൺ ഐലൻഡ്-കുണ്ടന്നൂർ ബൈപാസിനെ അരൂർ അങ്കമാലി ബൈപാസ്സുമായി ബന്ധിപ്പിക്കും. കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസുകളുടെ പുതുക്കിയ അലൈൻമെന്റിന്റെ അംഗീകാരം മൂന്നുമാസത്തിനകം ലഭിക്കുമെന്നും കോഴിക്കോട് രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദ്, ചീഫ് എഞ്ചിനീയർ ഐസക് വർഗീസ് എന്നിവരും പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരും കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
Content Highlights: Allocation of ₹2039 crore for five major highway development projects in Kerala., Approval for construction of Bairakuppa bridge and NH 744 development., Greenfield highway project between Kozhikode and Palakkad moving to construction phase., Significant funding for Kollam-Theni four-lane expansion., In-principle approval for ropeway projects in Sabarimala, Munnar, and Wayanad.