ഹാഥ്‌റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകന് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

സിദ്ധിഖ് കാപ്പന്‍ 

ന്യൂഡല്‍ഹി: ഹാഥ്‌റസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനും ഒപ്പമുണ്ടായിരുന്ന മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കും എതിരെ ഉത്തര്‍പ്രദേശ് പോലീസ് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി. 

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്ന, യു.എ.പി.എയിലെ സെക്ഷന്‍ 17 ഉം ഇവര്‍ക്കെതിരായ എഫ്.ഐ.ആറില്‍ ചുമത്തിയിട്ടുണ്ട്. 

ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് സിദ്ധിഖിനെയും സംഘത്തെയും മഥുരയില്‍ വെച്ച് യു.പി. പോലീസ് അറസ്റ്റ് ചെയ്തത്. 

കേരളത്തിലെ ഒരു ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തിലെ ജീവനക്കാരനാണ് സിദ്ധിഖ്. ആതിഖ് ഉര്‍ റഹ്‌മാന്‍, മസൂദ് അഹമ്മദ്, ആലം എന്നിവരാണ് സിദ്ധിഖിന് ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേര്‍. മഥുരയിലെ ടോള്‍ ഗേറ്റില്‍വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

സംശയിക്കത്തക്ക ചില ആളുകള്‍ ഡല്‍ഹിയില്‍നിന്ന് ഹാഥ്‌റസിലേക്ക് പോകുന്നതായി വിവരം വിവരം ലഭിച്ചിരുന്നുവെന്ന് യു.പി. പോലീസ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയും സംസ്ഥാനത്തെ ശാന്തതയും ക്രമസമാധാനവും തകര്‍ക്കാന്‍ സാധ്യതയുള്ള ചില പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തായും പോലീസ് അറിയിച്ചു.

തങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് അറസ്റ്റിലായവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയതായും പോലീസ് പറഞ്ഞു. ഞാന്‍ ഇന്ത്യയുടെ മകള്‍ അല്ലെന്ന തലക്കെട്ടോടു കൂടിയ ലഘുലേഖയും ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് കൂട്ടിച്ചേര്‍ത്തു. 

content highlights: kerala journalist who arrested on the way to hathras charged under sedition 

Content Highlights: