കേരള ഹൈക്കോടതി ജഡ്ജിനിയമനം: 2 വനിതകളെ കൊളീജിയം ശുപാർശ ചെയ്തു; നിയമമന്ത്രാലയത്തിന്റെ നടപടി ഉടനെ

കേരള ഹൈക്കോടതി |  ഫോട്ടോ :  മാതൃഭൂമി
കേരള ഹൈക്കോടതി | ഫോട്ടോ : മാതൃഭൂമി

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാനുള്ള ഹൈക്കോടതി കൊളീജിയം ശുപാർശയിൽ തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീത എന്നിവരുടെ പേരുകളാണ് ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തത് എന്നാണ് സൂചന.

ചീഫ് ജസ്റ്റിസ് നിതിൻ ജാംധാർ, ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്‌, എ.കെ. ജയശങ്കർ നമ്പ്യാർ എന്നിവർ അടങ്ങിയതാണ് കേരള ഹൈക്കോടതിയിലെ കൊളീജിയം. ഹൈക്കോടതി ജഡ്ജി നിയമനത്തിനുള്ള ശുപാർശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറുന്നതിനൊപ്പം സംസ്ഥാന മുഖ്യമന്ത്രിക്കും പ്രത്യേക ദൂതൻ മുഖേനെ കൈമാറും. തുടർന്ന് ശുപാർശ ചെയ്യപ്പെട്ട പേരുകളെ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ചീഫ് സെക്രട്ടറി കേന്ദ്ര ജസ്റ്റിസ് മന്ത്രാലയത്തെ അറിയിക്കും.

ഇതിനിടെ ശുപാർശ ചെയ്യപ്പെട്ട പേരുകളെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് നിയമമന്ത്രാലയം തേടും. സംസ്ഥാന സർക്കാരിന്റെ അഭിപ്രായവും കേന്ദ്ര നിയമമന്ത്രാലയത്തിന്റെ റിപ്പോർട്ടും ലഭിച്ചാൽ അവ ഹൈക്കോടതി കൊളീജിയം ശുപാർശയ്ക്കൊപ്പം സുപ്രീം കോടതി കൊളീജിയത്തിന് കൈമാറുമെന്ന് സർക്കാർ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും എടുക്കുമെന്നാണ് നിയമമന്ത്രാലയ വൃത്തങ്ങൾ പറയുന്നത്.

ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്ത അഭിഭാഷകരെ തുടർന്ന് അഭിമുഖപരീക്ഷയ്ക്ക് സുപ്രീം കോടതി കൊളീജിയം ക്ഷണിക്കും. ഈ അഭിമുഖപരീക്ഷയിൽ വിജയിച്ചാൽ മാത്രമേ അവരുടെ പേരുകൾ ഹൈക്കോടതി ജഡ്ജിമാരായി സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്യുകയുള്ളൂ. സമീപകാലത്ത് കർശനമായ സ്‌ക്രീനിങ് ആണ് സുപ്രീം കോടതി കൊളീജിയം നടത്തുന്നത്.

കേരള ഹൈക്കോടതിയിൽ നിലവിൽ ഒഴിവുകൾ മൂന്ന്, രണ്ട് ജഡ്ജിമാർ ജൂണിൽ വിരമിക്കും

കേരള ഹൈക്കോടതിയിൽ നിലവിൽ മൂന്ന് ഒഴിവുകളാണ് ഉള്ളത് എന്ന് കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കേരള ഹൈക്കോടതിയിൽ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 47 ആണ്. എന്നാൽ നിലവിൽ 44 ജഡ്ജിമാരാണ് ഉള്ളത്. ഔദ്യോഗിക രേഖകളിൽ അതിനാൽ മൂന്ന് ഒഴിവുകളാണ് കേരള ഹൈക്കോടതിയിൽ ഉള്ളത്.

ഈ വർഷം മൂന്ന് ജഡ്ജിമാരാണ് കേരള ഹൈക്കോടതിയിൽ നിന്ന് വിരമിക്കുന്നത്. പി.ബി. സുരേഷ് കുമാറും പി.ജി. അജിത് കുമാറും ജൂണിൽ വിരമിക്കും. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ നിന്ന് എത്തിയ ജസ്റ്റിസ് അമിത് റാവൽ സെപ്റ്റംബറിൽ വിരമിക്കും. നിലവിൽ അഡിഷണൽ ജഡ്ജിമാരായ ജോൺസൺ ജോൺ, ജി. ഗിരീഷ്, സി. പ്രതീപ് കുമാർ എന്നിവർ ഒക്ടോബറിൽ സ്ഥിരം ജഡ്ജിമാരാകും.

മൂന്ന് ഒഴിവുകളിലേക്ക് ശുപാർശ നൽകാൻ കേരള ഹൈക്കോടതി കൊളീജിയത്തിനാകുമായിരുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് ജഡ്‌ജി സുശ്രുത് അരവിന്ദ് ധർമ്മാധികാരി കേരള ഹൈക്കോടതിയിൽ എത്തുന്നതോടെ ഒഴിവുകളുടെ എണ്ണം രണ്ടായി കുറഞ്ഞു. ഈ സാഹചര്യത്തിലാകാം കേരള ഹൈക്കോടതി കൊളീജിയം രണ്ട് പേരുകൾ മാത്രം ശുപാർശ ചെയ്തത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരള ഹൈക്കോടതിയിൽ വനിത ജഡ്ജിമാരുടെ എണ്ണം 3, കൊളീജിയം ശുപാർശ അംഗീകരിക്കപ്പെട്ടാൽ അഞ്ചായി ഉയരും
 
കേരള ഹൈക്കോടതിയിൽ നിലവിൽ 44 ജഡ്ജിമാരാണ് ഉള്ളത്. ഇതിൽ വനിത ജഡ്ജിമാർ കേവലം മൂന്നാണ്. ജസ്റ്റിസ് സി.എസ്. സുധ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരാണ് ഹൈക്കോടതിയിൽ നിലവിലുള്ള വനിത ജഡ്ജിമാർ. മറ്റൊരു വനിത ജഡ്ജി ആയ ജസ്റ്റിസ് അനു ശിവരാമൻ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറി പോയി.  ജസ്റ്റിസ് സി.എസ്. സുധ അടുത്ത വർഷം ഒക്‌ടോബർ എട്ടിനും എം.ബി. സ്നേഹലത ഏപ്രിൽ 24 ലിനും വിരമിക്കും.

Content Highlights: Kerala High Court Collegium recommends two women advocates for judgeship