ആന എഴുന്നള്ളിപ്പ് നിയന്ത്രണം: ജഡ്ജിമാർ കറപുരളാത്ത വ്യക്തിത്വത്തിന് ഉടമകളെന്ന് മൃഗ സ്നേഹികളുടെ സംഘടന

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി : കേരളത്തിൽ ആന എഴുന്നള്ളിപ്പിന് നിയന്ത്രണമേർപ്പെടുത്തിയ ജഡ്ജിമാർ കറപുരളാത്ത വ്യക്തിത്വത്തിന് ഉടമകളെന്ന് മൃഗ സ്നേഹികളുടെ സംഘടന. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന മൃഗ സ്നേഹികളുടെ സംഘടനയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് ആണ് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതിയിൽ ന്യായീകരിച്ചത്. ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിനെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് മൃഗ സ്നേഹികളുടെ സംഘടന ഹൈക്കോടതി ജഡ്ജിമാരെ ന്യായീകരിച്ച് രംഗത്തെത്തിയത്.

ആന എഴുന്നള്ളിപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതിയിലെ ജഡ്ജിമാർക്കെതിരെ ജസ്റ്റിസ് ബി.വി. നാഗരത്നയും, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ബെഞ്ച് ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇന്നും ബെഞ്ചിന്റെ ഭാഗത്ത് നിന്ന് ചില വിമർശനങ്ങൾ ഉണ്ടായപ്പോഴാണ് കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജി കൂടിയായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് ജഡ്ജിമാരെ ന്യായീകരിച്ച് രംഗത്തെത്തിയത്. വിധി പ്രസ്താവിച്ച ജഡ്ജിമാർ കറപുരളാത്ത വ്യക്തിത്വത്തിനുടമകളും മികച്ച സ്വഭാവമുള്ളവരും ആണെന്നാണ് ചിദംബരേഷ് ചൂണ്ടിക്കാട്ടിയത്. എന്നാൽ മൃഗ സ്നേഹികളുടെ സംഘടനയ്ക്ക് വേണ്ടി അഭിഭാഷകനായിരുന്നപ്പോൾ ഹാജരായിരുന്ന ജഡ്ജിയെന്ന ആരോപണം ഉണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സീനിയർ അഭിഭാഷകൻ വി ചിദംബരേഷിന് പുറമെ, അഭിഭാഷകരായ ലക്ഷ്മീക്ഷ് വി കാമത്ത്, വിവേക് കെ വിശ്വനാഥ് എന്നിവരാണ് വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസിക്ക് വേണ്ടി ഹാജരായത്. ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിന് എതിരെ കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കൊച്ചിൻ ദേവസ്വം നൽകിയ ഹർജി തിരുവമ്പാടി ദേവസ്വം ഉൾപ്പടെ നൽകിയ മറ്റ് ഹർജികൾക്കൊപ്പം കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൊച്ചിൻ ദേവസ്വത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശ്, അഭിഭാഷകൻ പി.എസ്. സുധീർ എന്നിവർ ഹാജരായി. മൃഗ ക്ഷേമ ബോർഡിലെ മുൻ അംഗം ജയചന്ദ്രന് വേണ്ടി സീനിയർ അഭിഭാഷകൻ എം.ആർ. ഹരിരാജ്‌ ഹാജരായി.

Content Highlights: Animal welfare org defends Kerala High Court judges` decision to restrict elephant processions