ഡൽഹിയിലെ കേരളത്തിന്റെ നിയമ വിഭാഗത്തിൽ അഴിച്ചുപണി: ലോ ഓഫീസർക്ക് പിന്നാലെ ഡെപ്യുട്ടി സെക്രട്ടറിയെയും മാറ്റി

#ബി.ബാലഗോപാല്‍
പ്രതീകാത്മകചിത്രം | മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മകചിത്രം | മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്

ന്യൂഡൽഹി: ഉദ്യോഗസ്ഥ ശീതസമരത്തെ തുടർന്ന് പ്രസിദ്ധമായ ഡൽഹിയിലെ കേരള സർക്കാരിന്റെ നിയമവിഭാഗത്തിൽ വൻ അഴിച്ചു പണി. അഡീഷണൽ നിയമ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞിയെ ഡൽഹിയിലെ നിയമ വകുപ്പിലെ ലോ ഓഫീസറായി നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതിയെ മാറ്റി ആ സ്ഥാനത്ത് രഘുറാം ജിയെ നിയമിച്ചു.

നിയമ വിഭാഗം മേധാവിയായിരുന്ന അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി.ടി.എസ്സും, ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതിയും തമ്മിലുള്ള ശീതസമരത്തെ തുടർന്ന് കേരള സർക്കാരിന്റെ നിയമവിഭാഗത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ ആയിരുന്നു. നിയമ വിഭാഗം മേധാവിയായിരുന്ന അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി.ടി.എസ്സിനെ കഴിഞ്ഞ മാസം അഞ്ചാം തീയതി തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറിയിട്ടും ഡൽഹിയിൽ തുടർന്ന ഗ്രാൻസി ഓഫീസിൽ എത്തുന്നതിനെ ഷണ്മുവതി എതിർത്തിരുന്നു.

ഇതിനിടെ കേരള ഹൗസിലെ നിയമ വിഭാഗത്തിലെ ഔദ്യോഗിക രേഖകൾ മോഷണം പോയെന്ന് ആരോപിച്ച് ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി ഡൽഹിയിലെ തിലക് മാർഗ് പോലീസിൽ പരാതി നൽകിയിരുന്നു. അഡിഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി എസ് മോഷ്ടിച്ചുവെന്ന് കാട്ടിയാണ് പോലീസിൽ പരാതി. ഈ പരാതിയിൽ പോലീസ് എഫ്.ഐ.ആർ ഇട്ടില്ലെങ്കിലും, വാർത്ത മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽപ്പിച്ചെന്നാണ് ഉദ്യോഗസ്ഥ തലത്തിൽ ഉള്ള വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ ആണ് ഡൽഹിയിലെ കേരളത്തിന്റെ നിയമ വിഭാഗത്തിൽ വൻ അഴിച്ചു പണി സർക്കാർ നടത്തിയത്. നിലവിൽ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ലീഗൽ അഡ്വൈസറായി സേവനം അനുഷ്ഠിക്കുന്ന കെ മുഹമ്മദ് കുഞ്ഞിയെ അഡീഷണൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകിയാണ് ഡൽഹിയിലെ ലോ ഓഫീസർ ആയി നിയമിക്കുന്നത്. സ്ഥലം മാറ്റപ്പെട്ട ഗ്രാൻസിക്ക് ഇതുവരെ പുതിയ ചുമതല നൽകിയിട്ടില്ല.

ഇടുക്കി കലക്ടറേറ്റിലെ ജില്ലാ ലോ ഓഫീസർ രഘുറാം ആയിരിക്കും പുതിയ ഡെപ്യുട്ടി സെക്രട്ടറി. നിലവിലെ ഡെപ്യുട്ടി സെക്രട്ടറി ഷണ്മുവതിയെ കോളേജിയേറ്റ് എഡ്യൂക്കേഷൻ വകുപ്പിലെ ലോ ഓഫീസർ ആയി നിയമിച്ചു. ഡൽഹി നിയമ വകുപ്പിലെ മറ്റ് ചില ജീവനക്കാർക്കും സ്ഥലം മാറ്റം ഉണ്ടാകുമെന്നാണ് സൂചന.

Content Highlights: Major administrative reshuffle in Kerala's legal department in Delhi due to official infighting., K Muhammed Kunhi appointed as the Law Officer and Additional Secretary., Raghuram G appointed as the new Deputy Secretary, replacing Shanmuvathi., Previous officials involved in police complaints and controversies have been transferred.