മുഖ്യമന്ത്രി ചർച്ച; രാഹുൽ ചോദിച്ചതും, നേതാക്കൾ പറഞ്ഞതും

#പ്രവീൺ കൃഷ്ണൻ

ന്യൂഡൽഹി: മുൻ കെ.പി.സി.സി. അധ്യക്ഷൻമാരെയും വർക്കിങ് പ്രസിഡന്റുമാരെയും വിളിച്ചുവരുത്തി ഡൽഹിയിൽ നടത്തിയ ചർച്ചയിലൂടെ, മുഖ്യമന്ത്രി തീരുമാനത്തിന് പൊതുസ്വീകാര്യത നേടാൻ കളമൊരുക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേരളത്തിലെ യഥാർഥരാഷ്ട്രീയ സാഹചര്യവും കാര്യങ്ങൾ സുഗമമാക്കാൻ എന്തുചെയ്യണം എന്നുമാണ് രാഹുൽ ആരാഞ്ഞത്.

മുഖ്യമന്ത്രിപദത്തിലേക്ക് ആരെ നിർദേശിക്കുന്നുവെന്ന് നേതാക്കളോടു ചോദിച്ചില്ല. ഓരോരുത്തരോടും നേരിട്ട് നടത്തിയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രിപദത്തിലേക്ക് ആരാണ് അനുയോജ്യൻ എന്ന കാഴ്ചപ്പാട് നേതാക്കൾ വിശദീകരിച്ചു. അതിനുള്ള കാരണങ്ങൾ രാഹുൽ ചോദിച്ചറിഞ്ഞു.

ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് എല്ലാവരും ചർച്ചയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് കേരളത്തിൽ അസാധാരണ സാഹചര്യം ഉയർന്നതിനെപ്പറ്റിയും നേതാക്കളുടെ പേരിൽ ചേരിതിരിഞ്ഞ് പ്രചാരണം നടത്തുന്നതിനെപ്പറ്റിയും അദ്ദേഹം ചോദിച്ചു. ഫ്ളെക്സുകൾ ഉയർത്തിയും പ്രതിഷേധ പ്രകടനത്തിലുടെയും സമ്മർദംചെലുത്താൻ ശ്രമിച്ചതിലെ നീരസം മറച്ചുവെച്ചില്ല.

ഇത് സാമൂഹികമാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട പ്രചാരണം മാത്രമാണോ അതല്ല പ്രത്യേക കാരണങ്ങളുണ്ടോയെന്നും അന്വേഷിച്ചു. ഇത്തരം സാഹചര്യം നേരിടാൻ പാർട്ടിക്ക് കഴിയുമോ എന്നും ആരാഞ്ഞു. ഈ പ്രശ്നങ്ങൾ പാർട്ടിയുടെ നിയന്ത്രണത്തിൽ നിൽക്കുന്നതാണെന്ന് നേതാക്കൾ പറഞ്ഞെന്നാണ് സൂചന.

സാമൂഹികമാധ്യമങ്ങളിലെ പരാമർശങ്ങൾക്കപ്പുറത്തെ കാരണങ്ങളുമുണ്ടെന്ന് രണ്ടുപേർ പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം എത്രയും പെട്ടെന്നുണ്ടാകണമെന്ന വികാരം മിക്കവരും പങ്കിട്ടു. ഇക്കാര്യം കെ. മുരളീധരൻ വ്യക്തമായി ആവശ്യപ്പെട്ടു.

സോണിയാഗാന്ധിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഓരോ നേതാവിനോടും രാഹുൽ 20 മിനിറ്റോളം സംസാരിച്ചു. മുഖ്യമന്ത്രി പദത്തെപ്പറ്റി ഹൈക്കമാൻഡിന്റെ മനസ്സിലിരിപ്പ് എന്താണെന്ന സൂചന രാഹുൽ ഗാന്ധി നൽകിയില്ല.

മുഖ്യമന്ത്രി ചർച്ച: നേതാക്കൾ പറഞ്ഞതെന്ത്?

കെ. സുധാകരൻ: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം. എല്ലാവരുമായും യോജിച്ചുപോകാൻ അദ്ദേഹത്തിനു പറ്റും. മുസ്‌ലിംലീഗടക്കമുള്ള പാർട്ടികൾക്കും അതൃപ്തിയില്ല. അത്തരം പ്രചാരണം തെറ്റാണ്. പ്രതിഷേധങ്ങൾ സംഘടിതമാണ്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ: ആരെ പ്രഖ്യാപിച്ചാലും പ്രശ്നങ്ങളുണ്ടാവുന്ന സാഹചര്യമില്ല. എല്ലാവരെയും ബോധ്യപ്പെടുത്തി തീരുമാനമെടുക്കണം. മുസ്‌ലിംലീഗിനെ ഇതിൽ വലിച്ചിഴക്കേണ്ട.

എം.എം. ഹസൻ: എം.എൽ.എ.മാരുടെയും നേതാക്കളുടെയും ഭൂരിപക്ഷാഭിപ്രായം മാനിക്കുന്നതാണ് നല്ലത്. കോൺഗ്രസ് നിയമസഭാകക്ഷിനേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഘടകകക്ഷികളുടെ അഭിപ്രായം ആരായാമെന്നല്ലാതെ തീരുമാനം പാർട്ടിയുടേതാവണം.

എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ: കെ.സി. വേണുഗോപാലിനാണ് നിയമസഭാകക്ഷിയിൽ ഭൂരിപക്ഷമെന്നത് സംസ്ഥാനരാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.

കെ. മുരളീധരൻ: വി.ഡി. സതീശന് അനുകൂലമായി വലിയതോതിൽ ജനവികാരമുണ്ട്. സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണ സതീശനുണ്ട്. അത് ഹൈക്കമാൻഡ് കണക്കിലെടുക്കേണ്ടതാണ്.

വി.എം. സുധീരൻ: വി.ഡി. സതീശന്റെ ജനപ്രീതിയും സ്വീകാര്യമായ നയങ്ങളുമാണ് യു.ഡി.എഫിനെ വലിയ വിജയത്തിലേക്ക് നയിച്ചത്. വർഗീയകക്ഷികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹത്തിന്. പ്രതിപക്ഷനേതാവെന്ന നിലയിൽ സ്വാഭാവികമായ അവകാശം അദ്ദേഹത്തിനുണ്ട്. അത് നിരസിക്കരുത്.

Content Highlights: Rahul Gandhi held 20-minute individual sessions with KPCC leaders. Focus on resolving internal party friction and social media campaigns. Leaders expressed varied support for KC Venugopal and VD Satheesan. High Command to make the final decision on the Chief Minister post.