കേന്ദ്രീയ വിദ്യാലയങ്ങൾക്ക് ‘മതേതരത്വ’വും ‘സോഷ്യലിസ’വും ഇല്ലാത്ത ഭരണഘടന നൽകി കേന്ദ്രം

തൃശ്ശൂർ: രാജ്യത്തെ 1290 കേന്ദ്രീയ വിദ്യാലയങ്ങളിൽ സൂക്ഷിക്കാനായി കേന്ദ്രം അയച്ചുകൊടുത്തത് ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങൾ ആമുഖത്തിൽ ഇല്ലാത്ത ആദ്യ ഭരണഘടനാ പതിപ്പ്.
യഥാർഥ ഭരണഘടനയുടെ പതിപ്പാണെന്നും ഇത് അർഹിക്കുന്ന ആദരവോടെ സൂക്ഷിക്കണമെന്നും മൂല്യവത്തായ പഠനസാമഗ്രിയായി ഉപയോഗിക്കാമെന്നും കേന്ദ്രീയ വിദ്യാലയ സമിതി ഡെപ്യൂട്ടി കമ്മിഷണർ ഡി.പി. പട്ടേൽ ജൂൺ പത്തിന് സ്കൂളുകളിലേക്ക് അയച്ച കത്തിൽ പറയുന്നു. കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന്റെ അർധ ഔദ്യോഗിക കത്ത് പ്രകാരമുള്ള നടപടിയാണിതെന്നും സൂചിപ്പിച്ചിട്ടുണ്ട്.
ഭരണഘടനയുടെ ആമുഖം, മൗലികാവകാശം, നിർദേശകതത്ത്വങ്ങൾ തുടങ്ങിയവ ക്ലാസ് മുറികളിൽ പഠിപ്പിക്കാൻ സാമൂഹികശാസ്ത്ര അധ്യാപകർക്ക് ഇത് ഉപയോഗിക്കാം. അതുവഴി വിദ്യാർഥികളിൽ ഭരണഘടനാ സാക്ഷരതയും സാമൂഹ്യ ബോധവും സൃഷ്ടിക്കാം. ദേശീയ-ഭരണഘടനാപ്രാധാന്യമുള്ള ദിനങ്ങളിലെ അസംബ്ലിയിൽ ഈ പകർപ്പ് പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണമെന്നും കത്തിൽ പറയുന്നു.
1950-ൽ ഭരണഘടന നിലവിൽ വരുമ്പോൾ സോഷ്യലിസവും മതേതരത്വവും ആമുഖത്തിൽ ഇല്ലായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കേ 1976-ൽ അടിയന്തിരാവസ്ഥക്കാലത്ത് കൊണ്ടുവന്ന 42-ാം ഭേദഗതിയിലാണ് ഇവ കൂട്ടിച്ചേർക്കപ്പെട്ടത്. ഇതാണ് നിലവിലെ അംഗീകൃത ആമുഖം, എന്നിരിക്കേയാണ് സ്കൂളുകളിലേക്ക് ആദ്യ ഭരണഘടനാ പതിപ്പ് അയച്ചുകൊടുത്തത്. രാജ്യത്താകെ കേന്ദ്രീയ വിദ്യാലയങ്ങളിൽ 13 ലക്ഷത്തിലേറെ കുട്ടികൾ പഠിക്കുന്നുണ്ട്.
ഗുരുതര തെറ്റ്
കേന്ദ്രീയ വിദ്യാലയ സമിതി ഗുരതര തെറ്റാണ് ചെയ്തത്. പാർലമെൻ്റ് അംഗീകരിച്ച ആമുഖം ഇല്ലാത്ത ഭരണഘടന എങ്ങനെയാണ് അവർ സ്കൂളുകളിലേക്ക് അയച്ചുകൊടുക്കുക? അവർക്ക് ഈ വാക്കുകൾ ഇഷ്ടമില്ലായിരിക്കാം. പക്ഷേ, അവരും ഭരണഘനയ്ക്കുള്ളിൽ നിന്നുവേണം പ്രവർത്തിക്കാൻ. സോഷ്യലിസവും മതേതരത്വവും ആദ്യം പാർലമെന്റ് നീക്കം ചെയ്യട്ടെ.
-പി.ഡി.ടി. ആചാരി, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ, ഭരണഘടനാ വിദഗ്‌ധൻ
Content Highlights: Kendriya Vidyalayas received 1950 Constitution copies lacking the terms 'Socialism' and 'Secularism'., The distribution follows a directive from the Ministry of Culture to use these as study materials., The 42nd Amendment in 1976 added these terms, which are missing from the distributed copies., Schools are instructed to display these copies during assemblies to promote constitutional literacy.