കെ.സി.ആര്‍. ആശുപത്രിയില്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ.ടി.ആര്‍.

കെ. ചന്ദ്രശേഖർ റാവു | Photo: facebook.com/KalvakuntlaChandrashekarRao
കെ. ചന്ദ്രശേഖർ റാവു | Photo: facebook.com/KalvakuntlaChandrashekarRao

ഹൈദരാബാദ്: ബിആര്‍എസ് അധ്യക്ഷനും തെലങ്കാന മുന്‍മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു (കെ.സി.ആര്‍.)വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. പതിവ് ആരോഗ്യപരിശോധനകള്‍ക്കായാണ് കെസിആറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മകനും ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റുമായ കെ.ടി. രാമറാവു (കെ.ടി.ആര്‍.) വെള്ളിയാഴ്ച അറിയിച്ചു. 

രക്തത്തിലെ പഞ്ചസാരയുടേയും സോഡിയത്തിന്റേയും അളവുകള്‍ നിരീക്ഷിക്കുന്നതിനായി ഏതാനും ദിവസം ആശുപത്രിയില്‍ തങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും കെ.ടി.ആര്‍. വ്യക്തമാക്കി. " കെ.സി.ആറിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. എല്ലാം സാധാരണനിലയിലാണ്. അദ്ദേഹത്തിന്റെ സുഖവിവരം അന്വേഷിക്കുന്ന എല്ലാവര്‍ക്കും നന്ദി", കെ.ടി.ആര്‍. എക്‌സ് പോസ്റ്റില്‍ കുറിച്ചു.  

71 കാരനായ കെ.സി.ആറിനെ വ്യാഴാഴ്ചയാണ് സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരികക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ.സി.ആര്‍. ആശുപത്രിയിലെത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. പ്രമേഹം നിയന്ത്രിക്കുന്നതിനും സോഡിയം അളവ് വര്‍ധിപ്പിക്കുന്നതിനുമുള്ള ചികിത്സ മുന്‍മുഖ്യമന്ത്രിയ്ക്ക് നല്‍കി വരുന്നതായാണ് വിവരം. 

കേന്ദ്ര മന്ത്രിമാരായ ജി. കിഷന്‍ റെഡ്ഡി, ബന്ദി സഞ്ജയ് കുമാര്‍, എഐഎംഐഎം പ്രസിഡന്റ് അവാസുദ്ദീന്‍ ഒവൈസി, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ കെ.സി.ആറിന് ആശംസ നേര്‍ന്നു.
 

Content Highlights: Telangana`s former CM KCR admitted to hospital for routine check-up