ഭാര്യയെന്നവകാശപ്പെട്ട് യുവതി മൃതദേഹം ഏറ്റുവാങ്ങി; യുവാവിന്റെ മൃതദേഹം ബന്ധുക്കളറിയാതെ സംസ്‌കരിച്ചു

ഹരിപ്പാട്: തമിഴ്‌നാട്ടിലെ രായ്‌ക്കോട്ട ടാറ്റ ഇലക്‌ട്രോണിക്സ് കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ വെൽഡറായി ജോലിചെയ്തിരുന്ന കരുവാറ്റ സ്വദേശിയുടെ മൃതദേഹം ബന്ധുക്കളറിയാതെ സംസ്കരിച്ചതായി പരാതി. ഒപ്പം താമസിച്ചിരുന്ന മുതുകുളം സ്വദേശിനി തന്റെ ഭർത്താവാണ് മരിച്ചതെന്ന് അവകാശപ്പെട്ട്് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചതായാണ് പരാതി.
കരുവാറ്റ തെക്ക് വിജിത്ത് ഭവനം വിജിത്തി (40)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് ദുരൂഹത. കഴിഞ്ഞ ഡിസംബർ 10-ന് വിജിത്ത് താമസസ്ഥലത്ത് തൂങ്ങിമരിച്ചതായാണ് സംഭവത്തിൽ ഹരിപ്പാട് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. വിജിത്തിനെ കാണാനില്ലെന്ന പരാതിയിലായിരുന്നു ആദ്യം പോലീസ് അന്വേഷണം തുടങ്ങിയത്. തമിഴ്‌നാട്ടിൽ നടത്തിയ അന്വേഷണത്തിലാണ് വിജിത്ത് മരിച്ചതറിയുന്നത്. മുതുകുളം സ്വദേശിനി മൃതദേഹം ഏറ്റുവാങ്ങി ചെങ്ങന്നൂർ സ്വദേശിയായ ഒരാളുടെ സഹായത്തോടെ അവിടെ സംസ്കരിച്ചതായി ഹരിപ്പാട് പോലീസ് പറയുന്നു.
വിജിത്തിന്റെ ബാഗും മറ്റും ചെങ്ങന്നൂർ സ്വദേശിയുടെ ഹൊസൂറിലെ താമസസ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തി. വിജിത്ത് മരിച്ചവിവരം ആരെയും അറിയിക്കാതെ മുതുകുളം സ്വദേശിനി നാട്ടിൽ മടങ്ങിയെത്തി. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. ഇയാളും വിജിത്തും മുൻപ് ഗൾഫിൽ ഒന്നിച്ചു ജോലിചെയ്തിട്ടുണ്ട്. തുടർന്ന്്, നാട്ടിലെത്തിയ വിജിത്ത് സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്നു. പിന്നീടാണ്, രായ്‌ക്കോട്ടയിൽ ജോലിക്കു കയറിയത്. ഈ കമ്പനിയിലെ കാന്റീനിൽ മുതുകുളം സ്വദേശിനിക്ക് വിജിത്ത് ഇടപെട്ട് ജോലി തരപ്പെടുത്തിയതായാണ് പോലീസ് പറയുന്നത്.
തൂങ്ങിമരിച്ചതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ, മൃതദേഹം സംസ്കരിച്ച വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് വിജിത്തിന്റെ സഹോദരൻ വിജേഷ് ജില്ല പോലീസ് മേധാവിക്കു പരാതി നൽകി. ഇതനുസരിച്ച് കായംകുളം ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: A 40-year-old Karuwatta native, Vijith, was found dead in Tamil Nadu., The body was cremated by a Mutukulam native claiming to be the spouse without informing relatives., Police investigation reveals the deceased worked as a welder at Tata Electronics., The brother of the deceased has filed a formal complaint with the District Police Chief., Current investigation is overseen by the Kayamkulam DySP.