കര്‍ണാടകയിലെ അധികാര വടംവലി; സിദ്ധരാമയ്യയും കെ.സി. വേണുഗോപാലും കൂടിക്കാഴ്ച നടത്തി

#കെ.ബി. ശ്രീധരന്‍ | മാതൃഭൂമി ന്യൂസ്
കെ.സി. വേണുഗോപാൽ സിദ്ധരാമയ്യക്കൊപ്പം | Photo: PTI
കെ.സി. വേണുഗോപാൽ സിദ്ധരാമയ്യക്കൊപ്പം | Photo: PTI

മംഗലാപുരം: കര്‍ണാടകയിലെ അധികാര വലംവലിക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മംഗളൂരു യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

സിദ്ധരാമയ്യയുടെ പക്ഷത്തെ പ്രമുഖ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മന്ത്രിമാരായ സമീര്‍ അഹമ്മദ് ഖാന്‍, ജി. പരമേശ്വര, സതീഷ് ജര്‍കിഹോലി എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഡി.കെ. ശിവകുമാറുമായി അടുത്തുനില്‍ക്കുന്ന ലക്ഷ്മി ഹെബ്ബാള്‍കറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

സമവായ ശ്രമങ്ങളോട് സിദ്ധരാമയ്യ വിഭാഗവും ഡി.കെ. ശിവകുമാര്‍ വിഭാഗവും വഴങ്ങുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി മംഗളൂരു യൂണിവേഴ്‌സിറ്റി നടത്തിയ പൊതുപരിപാടിയില്‍ വെച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഒരു സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹിയിലേക്ക് പോകുന്നത് എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തി അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ശിവകുമാര്‍ ഡല്‍ഹിയിലേക്ക് പോകുന്നത് എന്നാണ് വിവരം.

Content Highlights: Karnataka`s power struggle intensifies. CM Siddaramaiah met AICC General Secretary K.C. Venugopal amidst political discussions. Get the latest updates.