ക്രോസ് വോട്ട് ചെയ്തത് 11 MLAമാർ: കടുത്ത അതൃപ്തി, കർണാടക BJP നേതൃത്വത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ബെംഗളൂരു: കർണാടകത്തിലെ എം.എൽ.സി. തിരഞ്ഞെടുപ്പ് എൻഡിഎയിലെ വിള്ളൽ തുറന്നുകാട്ടിയിരിക്കുകാണ്. ബിജെപിയുടെയും ജെഡിഎസിന്റെയും എംഎൽഎമാർ കൂറുമാറി ക്രോസ് വോട്ട് ചെയ്തതോടെ കോൺഗ്രസിന് ഒരു സീറ്റ് അധികം നേടാനായിരുന്നു. ഇതിന് പിന്നാലെ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതേത്തുടർന്ന് സംസ്ഥാന നേതൃത്വത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, സംസ്ഥാന ചുമതലയുള്ള രാധാമോഹൻ ദാസ് എന്നിവരോട് 23-ാം തീയതി ഡൽഹിയിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 11 എൻഡിഎ എംഎൽഎമാരാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. ക്രോസ് വോട്ട് ചെയ്ത എംഎൽഎമാരോട് ക്ഷമിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര പ്രതികരിച്ചു. ബിജെപിയിൽനിന്നും ജെഡിഎസിൽ നിന്നും ക്രോസ് വോട്ടിങ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
'ജെഡിഎസിൽ നിന്നും ആറ് മുതൽ ഏഴ് ക്രോസ് വോട്ടുകൾ ഉണ്ടായിട്ടുണ്ട്. ബിജെപിയിൽ നിന്നും നാലോ അഞ്ചോ ക്രോസ് വോട്ടുകൾ സംഭവിച്ചിട്ടുണ്ട്. ആ വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ പാർട്ടിയിലെ ക്രോസ് വോട്ട് ചെയ്ത എംഎൽഎമാരോട് ക്ഷമിക്കുന്ന പ്രശ്‌നമില്ല. ഈ കളി കളിച്ചതാരാണെന്നത് സംബന്ധിച്ചും ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്' വിജയേന്ദ്ര പറഞ്ഞു.
ദേശീയ അധ്യക്ഷനെ കാണാൻ അപ്പോയിൻമെന്റ് എടുത്തിട്ടുണ്ടെന്നും നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ നിർദേശങ്ങൾ തള്ളിയ എംഎൽഎമാർക്കെതിരെ വേണ്ട നടപടികൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കങ്ങൾക്കിടെ കോൺഗ്രസ് വലിയ നേട്ടമാണ് എംഎൽസി തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയത്. മുഖ്യമന്ത്രിയായതിനുശേഷം നേരിട്ട ആദ്യ പരീക്ഷയിൽ ഡി.കെ.ശിവകുമാറിന് വൻ വിജയമാണ് ഉണ്ടായത്. എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർക്ക് മുന്നിൽ ബി.ജെ.പി.യും ജെ.ഡി.എസും അടിപതറി. തിരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളിൽ അഞ്ച് സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്.
കോൺഗ്രസിന്റെ അഞ്ചാംസ്ഥാനാർഥിയായി രംഗത്തുവന്ന വിനയ് കാർത്തിക്കാണ് ഏറ്റവുംകൂടുതൽ വോട്ടുകൾ നേടിയത്. നാലുസീറ്റുകളിൽ വിജയം ഉറപ്പിച്ചാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. ആദ്യംതന്നെ നാല് സീറ്റുകളിലും സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോൺഗ്രസിന് നാല് സ്ഥാനാർഥികളെ വിജയിപ്പിച്ചതിന് ശേഷം ബാക്കിവരുക 22 എം.എൽ.എ.മാരുടെ വോട്ടുകളായിരുന്നു. ഇതേസമയം, എൻ.ഡി.എ. സഖ്യത്തിൽ ബി.ജെ.പി.യുടെ രണ്ടു സ്ഥാനാർഥികളെ വിജയിപ്പിച്ചതിന് ശേഷം 24 വോട്ടുകൾ ബാക്കിവരുമായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കണക്കുകൾ മാറി മറിയുകയും കോൺഗ്രസിന്റെ അഞ്ചാംസ്ഥാനാർഥി ആവശ്യമുള്ള 28 വോട്ടിന് പകരം 32 വോട്ടുകൾനേടി വിജയിക്കുകയുമായിരുന്നു. അഞ്ചാംസ്ഥാനാർഥിയായി ശിവകുമാറിന്റെ അടുത്തഅനുയായി വിനയ് കാർത്തിക് എത്തിയതോടെ അട്ടിമറിസാധ്യത തെളിഞ്ഞിരുന്നു. ഫലം വന്നപ്പോൾ പ്രതീക്ഷിച്ചതിലും തിളക്കമാർന്നവിജയം സ്വന്തമാക്കാൻ വിനയ് കാർത്തിക് സ്വന്തമാക്കി.
എം.എൽ.എ.മാരെ രണ്ടുദിവസം മുൻപുതന്നെ റിസോർട്ടിലേക്ക് മാറ്റിയത് അടക്കമുള്ള മുൻകരുതൽ നടപടികൾ കോൺഗ്രസ് സ്വീകരിച്ചിരുന്നു. സി.എൽ.പി. യോഗം നടത്തിയ റിസോർട്ടിൽ തന്നെയാണ് എം.എൽ.എ.മാരെ താമസിപ്പിച്ചത്. വോട്ടിങിന് മുൻപ് അഞ്ച് ബസുകളിലായി ഇവരെ വിധാൻ സൗധയിൽ എത്തിക്കുകയായിരുന്നു. ജെ.ഡി.എസും എം.എൽ.എ.മാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇവരിൽനിന്നുവോട്ട് ചോർത്താൻ കോൺഗ്രസിനായി.
Content Highlights: Congress secured 5 out of 7 MLC seats in a major political upset., 11 NDA MLAs (BJP and JDS) cross-voted in favor of Congress., BJP state leadership summoned to Delhi to explain the internal failure., BJP state president BY Vijayendra vowed strict action against dissenting MLAs., DK Shivakumar's strategic management led to Vinay Karthik's victory.