6 മാസം ജോലിക്കെത്തിയില്ല, പ്രതിമാസശമ്പളമായി കൈപ്പറ്റിയത് ₹70,000; കർണാടക MLA-യുടെ അനന്തരവൾക്കെതിരേ അന്വേഷണം

#ന്യൂസ് ഡെസ്ക്
ഡോ. അങ്കിത യാരഗൽ | Instagram/Ankitaraj
ഡോ. അങ്കിത യാരഗൽ | Instagram/Ankitaraj

ബാഗൽകോട്ട് : ജോലിക്കെത്താതെ ശമ്പളം വാങ്ങിയെന്ന ആരോപണത്തിൽ കർണാടക എംഎൽഎയുടെ അനന്തരവളായ ഡോക്ടർക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു. സർക്കാർ നേതൃത്വത്തിൽ നടത്തുന്ന ബാഗൽകോട്ടിലെ 'നമ്മ ക്ലിനിക്കിൽ' ജോലിക്കെത്താതെ പ്രതിമാസം 70,000 രൂപയിലധികം ശമ്പളം കൈപ്പറ്റിയെന്നാണ് ഡോക്ടർക്കെതിരേയുള്ള ആരോപണം. ബാഗൽകോട്ട് എം.എൽ.എ ഉമേഷ് മേട്ടിയുടെ അനന്തരവളും മെഡിക്കൽ ഓഫീസറുമായ ഡോ. അങ്കിത യാരഗലിനെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സ്വകാര്യ മെഡിക്കൽ കോളേജിൽ പി.ജി പഠനം നടത്തുന്നതിനിടയിൽ ഡോ. അങ്കിത 'നമ്മ ക്ലിനിക്കിൽ' നിന്ന് പതിവായി ശമ്പളം കൈപ്പറ്റിയെന്നാണ് ആരോപണം. വാംബെ കോളനിയിലെ ക്ലിനിക്കിൽ ഇവർ ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. ഡോക്ടറില്ലാതെ പ്രദേശവാസികളായ രോഗികൾ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. മാർച്ച് മൂന്നുമുതൽ സെപ്റ്റംബർ വരെ ഡോക്ടർ ഇവിടെ ജോലിക്കെത്തിയില്ലെന്ന് രോഗികളും അധികൃതരും പരാതിപ്പെട്ടു. തുടർന്നാണ് ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് സി.ഇ.ഒ വിഷയത്തിൽ അന്വേഷണം നടത്തിയത്. വിചാരണയ്ക്കായി ഹാജരാവാൻ നിർദേശിച്ചെങ്കിലും അങ്കിത ഹാജരായില്ല.

പ്രൊഫഷണൽ പെരുമാറ്റച്ചട്ട ലംഘനത്തിന് കർണാടക മെഡിക്കൽ കൗൺസിലിനും നാഷണൽ മെഡിക്കൽ കമ്മീഷനും പരാതിനൽകാനുള്ള നീക്കത്തിലാണ് ബന്ധപ്പെട്ട വകുപ്പ്. ഡോ. അങ്കിതയ്‌ക്കെതിരേ അച്ചടക്കനടപടിയുണ്ടായേക്കും. ജോലിക്ക് എത്താതെ കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഡാ. അങ്കിതയെ നമ്മ ക്ലിനിക്കിലെ ഡ്യൂട്ടിയിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്.

Content Highlights: Bagalkot MLA Umesh Meti's niece, Dr. Ankita Yaragali, accused of drawing salary without working., Received over ₹70,000 monthly from Namma Clinic while pursuing PG studies in a private medical college., District Panchayat CEO ordered an investigation following public complaints., Dr. Ankita removed from clinic duty, facing potential disciplinary action and salary recovery.