കുമാരസ്വാമിക്ക് നേരെ മന്ത്രിയുടെ അധിക്ഷേപം; രൂക്ഷവിമര്‍ശനവുമായി ജെ.ഡി.എസും കിരണ്‍ റിജിജുവും

ബെംഗളൂരു: കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയ്‌ക്കെതിരേ കര്‍ണാടകമന്ത്രി ബി.സെഡ്. സമീര്‍ അഹമ്മദ് ഖാന്‍ നടത്തിയ പരാമര്‍ശം രാഷ്ട്രീയ വിവാദത്തിലേക്ക്.
സമീര്‍ ഖാന്റെ പരാമര്‍ശത്തെ 'വംശീയാധിക്ഷേപം' എന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയ ജെഡിഎസ്, കോണ്‍ഗ്രസ് സര്‍ക്കാര്‍ ഖാനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ചന്നപട്‌നയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സി.പി. യോഗീശ്വര ബി.ജെ.പിയില്‍ ചേക്കേറുകയും പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തുകയും ചെയ്തതിനെ കുറിച്ച് പറയുന്നതിനിടെയായിരുന്നു കുമാരസ്വാമിയ്‌ക്കെതിരേ ഖാന്റെ വിവാദപരാമര്‍ശം.
"നമ്മുടെ പാര്‍ട്ടിയിലെ ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചു. മറ്റു മാര്‍ഗ്ഗമില്ലാതെ അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. ജെ.ഡി.എസില്‍ ചേരാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. കാരണം കാളിയ കുമാരസ്വാമി ബി.ജെ.പിയേക്കാള്‍ അപകടകാരിയാണെന്നതുതന്നെ. ഇപ്പോള്‍ അദ്ദേഹം പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്". സി.പി. യോഗീശ്വരയുടെ തിരിച്ചുവരവിനെ കുറിച്ച് ഖാന്‍ പറഞ്ഞു. നിറത്തെ ചൂണ്ടിക്കാട്ടി ആളുകളെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'കാളിയ'.
കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവും പരാമര്‍ശത്തിനെതിരെ എക്‌സിലൂടെ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവ് തെക്കേയിന്ത്യക്കാരെ ആഫിക്കക്കാരെന്നും വടക്ക്-കിഴക്ക് സംസ്ഥാനക്കാരെ ചൈനാക്കാരെന്നും വടക്കേയിന്ത്യക്കാരെ അറബികളെന്നും വിളിക്കുന്നതുപോലെയാണ് ഈ പരാമര്‍ശമെന്നും റിജിജു കുറിച്ചു.
ചന്നപട്‌ന ഉപതിരഞ്ഞെടുപ്പില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയ്‌ക്കെതിരേയാണ് യോഗീശ്വര മത്സരിക്കുന്നത്. എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയാണ് നിഖില്‍ കുമാരസ്വാമി.
Content Highlights: Karnataka Minister's Racist Comment Against HD Kumaraswamy Sparks Row