കർണാടകയിൽ വീട്ടുജോലിക്കാർക്ക് ഇനി നിശ്ചിത ശമ്പളം; പെൻഷനും പരിഗണനയിൽ

ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിന് ശമ്പള കാർഡ് ( റേറ്റ് കാര്‍ഡ്) നിലവില്‍ വരുന്നു. സാമൂഹിക സുരക്ഷ, മിനിമം വേതനം, പെൻഷൻ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന പുതിയ ഗാര്‍ഹിക തൊഴിലാളി (സാമൂഹിക സുരക്ഷയും ക്ഷേമവും) ബില്ലിന്റെ പ്രധാന ഭാഗമായിരിക്കും ഇത്. പദ്ധതി സര്‍ക്കാര്‍ ഇടയ്ക്കിടെ നിരീക്ഷിക്കുകയും പുതുക്കുകയും ചെയ്യും.
നിലവില്‍ കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനത്തിന്റെ കാര്യത്തില്‍ നഗര-ഗ്രാമപ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്. പല തൊഴിലാളികള്‍ക്കും അര്‍ഹിക്കുന്ന വേതനം ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നത്. ചെയ്യുന്ന ജോലികളും അവയ്ക്കായെടുക്കുന്ന സമയവും അനുസരിച്ച് പൊതുവായ വേതന പദ്ധതി കൊണ്ടുവരും. ഓരോ ജോലിക്കും ഒരു വേതനം നിശ്ചയിക്കും. അതനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം നിര്‍ണയിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന ഉറപ്പ്.
മേഖലയില്‍ ധാരാളം പീഡനങ്ങള്‍ നേരിടുന്ന തൊഴിലാളികളുണ്ടെന്നും ഇക്കാര്യങ്ങളിലെല്ലാം ചില പരിശോധകള്‍ ആവശ്യമാണെന്നും കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് അറിയിച്ചു. തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കുക എന്നതാണ് ലക്ഷ്യം. ജോലി ചെയ്യുന്നവരുടെ എണ്ണം, അവര്‍ക്ക് വൈദ്യസഹായമോ മറ്റു സഹായങ്ങളോ വേണ്ടതുണ്ടോ എന്നിവയിലടക്കം പരിശോധനകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വീട്ടുജോലിക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, ആയമാര്‍ എന്നിവരുള്‍പ്പെടെ എല്ലാ ഗാര്‍ഹിക തൊഴിലാളികളും അവരുടെ തൊഴിലുടമകളും സേവനദാതാക്കളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ട ഒരു ചട്ടക്കൂടാണ് ഈ കരടുബില്‍ മുന്നോട്ടുവെയ്ക്കുന്നത്.
Content Highlights: Karnataka to Implement Rate Card for Domestic Workers