കർണാടകയിൽ ഉപമുഖ്യമന്ത്രിസ്ഥാനത്തിനായി ചരടുവലി സജീവം; സമ്പൂർണ മന്ത്രിസഭ ഉടനുണ്ടാകില്ല

ബെംഗളൂരു: കർണാടകത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചെങ്കിലും ഉപമുഖ്യമന്ത്രിപദത്തിനായി വടംവലി തുടരുന്നു. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ സിദ്ധരാമയ്യപക്ഷത്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകാനാണ് കൂടുതൽ സാധ്യത. ഇതിൽത്തന്നെ ദളിത്, മുസ്‌ലിം വിഭാഗങ്ങളിൽനിന്നുള്ള നേതാക്കൾക്കിടയിൽ ഉപമുഖ്യമന്ത്രിപദത്തിനായി മത്സരം മുറുകിയിരിക്കയാണ്. സമ്പൂർണ മന്ത്രിസഭ ഉടനുണ്ടാകില്ലെന്ന് വ്യക്തമാക്കിയതിനാൽ ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനവും വൈകാനാണ് സാധ്യത.
മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരുംമാത്രമാകും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. ബാക്കി മന്ത്രിമാരുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പാർട്ടി ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. 15 ദിവസം അല്ലെങ്കിൽ ഒരു മാസത്തിനുള്ളിലാകും പൂർണമന്ത്രിസഭയുണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യ സർക്കാരിലെ ആഭ്യന്തരമന്ത്രി ജി. പരമേശ്വര, ന്യൂനപക്ഷക്ഷേമ, ഭവനനിർമാണവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും ഐ.ടി. മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ, ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ തുടങ്ങിയവരുടെ പേരുകളാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഒന്നിൽക്കൂടുതൽ ഉപമുഖ്യമന്ത്രിമാരുണ്ടാകാനും സാധ്യതയുണ്ട്.
കെ.പി.സി.സി. അധ്യക്ഷസ്ഥാനം ദളിത് വിഭാഗത്തിൽനിന്നുള്ള സതീഷ് ജാർക്കിഹോളിക്ക് ലഭിച്ചാൽ ലിംഗായത്ത് സമുദായത്തിൽനിന്ന് ഉപമുഖ്യമന്ത്രിയുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനായി വനം വകുപ്പ് മന്ത്രി ഈശ്വർ ഖൻഡ്രേ, വ്യവസായമന്ത്രി എം.ബി. പാട്ടീൽ എന്നിവർ തമ്മിലാണ് മത്സരം. ദാവണഗരെ സൗത്ത് തിരഞ്ഞെടുപ്പിൽ മുസ്‌ലിം വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥി വേണമെന്ന ആവശ്യം അവഗണിച്ചത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. അതിനാൽ മുസ്‌ലിം വിഭാഗത്തിൽനിന്ന് ഉപമുഖ്യമന്ത്രി എന്ന ആവശ്യം ശക്തമാണ്.
മുസ്‌ലിം ഉപമുഖ്യമന്ത്രിയുണ്ടായാൽ സിദ്ധരാമയ്യപക്ഷത്തെ പ്രധാന നേതാവായ സമീർ അഹമ്മദ് ഖാനായിരിക്കും മുൻഗണന ലഭിക്കുക. സ്പീക്കർ യു.ടി. ഖാദർ, എൻ.എ. ഹാരിസ് എന്നിവരെയും പരിഗണിക്കാൻ സാധ്യതയുണ്ട്. ഇരുവരും മലയാളികളാണ്.
Content Highlights: D.K. Shivakumar set for CM role with Siddaramaiah faction eyeing Deputy CM position., Intense competition for Deputy CM post among Dalit and Muslim leaders., Mallikarjun Kharge confirms a phased cabinet formation over the next month., Potential for multiple Deputy CMs to balance regional and community representation., Key contenders include G. Parameshwara, Zameer Ahmed Khan, and Priyank Kharge.