ഗുട്കയും പാൻമസാലയും നിരോധിച്ച് കർണാടക; പുകയിലയും നിക്കോട്ടിനും ഉൾപ്പെടുന്നവയ്ക്കാണ് വിലക്ക്

ബെംഗളൂരു: പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് കർണാടക. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇതുപ്രകാരം ഗുട്കയുടേയും പാൻമസാലയുടേയും ഉത്പാദനം, സൂക്ഷിക്കൽ, കടത്തൽ, വിതരണം, വിൽപ്പന എന്നിവ ഒരുവർഷത്തേക്കാണ് നിരോധിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.
ഗുട്കയ്ക്കും പാൻമസാലയ്ക്കും പുറമെ, നിക്കോട്ടിനോ പുകയിലയോ അടങ്ങിയ എല്ലാ ഉത്പന്നങ്ങൾക്കും നിരോധനം ബാധകമാണ്. ഏത് പേരിലാണ് ഉത്പന്നം അറിയപ്പെടുന്നതെങ്കിലും അതെല്ലാം നിരോധനത്തിന്റെ പരിധിയിൽ വരും. പാക്ക് ചെയ്തതും പാക്ക് ചെയ്യാത്തതുമായ ഇത്തരം ഉത്പന്നങ്ങൾക്കും നിരോധനം ബാധകമാണ്. ഇത്തരം ഉത്പന്നങ്ങളുടെ നിർമാണമോ വിതരണമോ വിൽപ്പനയോ ശ്രദ്ധയിൽപെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ജനങ്ങളോട് അഭ്യർഥിച്ചു.
നേരത്തേ സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി 18-ൽ നിന്ന് 21 ആയി കർണാടക സർക്കാർ ഉയർത്തിയിരുന്നു. കഴിഞ്ഞവർഷമായിരുന്നു ഇത്. പാക്കറ്റ് തുറന്നുള്ള സിഗരറ്റിന്റെ ലൂസ് വിൽപ്പനയും ഹുക്കാ ബാറുകളും അന്ന് നിരോധിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന ഉത്തരവും അന്ന സർക്കാർ ഇറക്കിയിരുന്നു. കൂടാതെ പുകയിലയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴത്തുക വർധിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlights: Karnataka's Food Safety and Drug Administration Department has banned the manufacture, storage, distribution, transportation and sale of gutka and pan masala containing tobacco or nicotine for one year from August 10, 2026, citing public health concerns.