ശിവസേനയും കങ്കണയും തുറന്ന യുദ്ധത്തിലേക്ക്; നടിയുടെ ഓഫീസ് കെട്ടിടം ബിഎംസി പൊളിച്ചു തുടങ്ങി

മുംബൈയിലേക്ക് വരാനായി ചണ്ഡിഗഢിലെ മൊഹാലി വിമാനത്താവളത്തില്‍ കങ്കണ എത്തിയപ്പോള്‍ | Photo : PTI
മുംബൈയിലേക്ക് വരാനായി ചണ്ഡിഗഢിലെ മൊഹാലി വിമാനത്താവളത്തില്‍ കങ്കണ എത്തിയപ്പോള്‍ | Photo : PTI

മുംബൈ : നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം ബി.എം.സി.(ബൃഹത്ത് മുംബൈ കോര്‍പ്പറേഷന്‍) പൊളിക്കാന്‍ തുടങ്ങി. കെട്ടിടം നിര്‍മ്മിച്ചത് അനധികൃതമായെന്ന് പറഞ്ഞാണ് ബി.എം.സി. നടപടി. ഇതു സംബന്ധിച്ച് കങ്കണ ഹൈക്കോടതിയെ സമീപിച്ചു

നടൻ സുശാന്ത് സിങ്ങിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വാക്‌പോരാണ് ഓഫീസ് പൊളിക്കൽ നടപടികളില്‍ എത്തിച്ചത്. ബി.ജെ.പി. അനുകൂല നിലപാട് എന്നും സ്വീകരിച്ചിരുന്ന കങ്കണ മുംബൈക്കെതിരേയും മുംബൈ പോലീസിനെതിരേയും ശക്തമായ വിമര്‍ശനമുന്നയിച്ചു. മുംബൈയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന കങ്കണയുടെ പ്രസ്താവനയോടെയാണ് മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള കങ്കണയുടെ തുറന്ന പോര് ആരംഭിക്കുന്നത്.

ജീവിക്കാന്‍ പറ്റില്ലാത്ത ഇടമാണെങ്കില്‍ ഇവിടെ താമസിക്കേണ്ടതില്ലെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് തിരിച്ചടിച്ചു. പിന്നീട് മഹാരാഷ്ട്ര് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും ഇതേ നിലപാടെടുത്തു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചാണ് കങ്കണ ഇതിനോട് പ്രതികരിച്ചത്. ഇതോടെ പിന്നീട് വലിയ നിയമയുദ്ധത്തിലേക്ക് ബി.എം.സി. കടക്കുകയായിരുന്നു

ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസിന്റെ നിർമ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിവസേന ഭരിക്കുന്ന മുംബൈ കോര്‍പ്പറേഷന്‍ കങ്കണയ്ക്ക നോട്ടീസ് അയക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറുപടി തൃപ്തകരമല്ലാത്തതിനെ തുടര്‍ന്നാണ് ജെ.സി.ബി. അടക്കമുള്ളവ കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചു മാറ്റുന്നത്. 

തന്റെ കെട്ടിടത്തെ രാമക്ഷേത്രത്തോടും ബി.എം.സിയെ ബാബറിനോടും ഉപമിച്ച് കങ്കണ ട്വീറ്റ് ചെയതിരുന്നു. ക്ഷേത്രം ബാബര്‍ പൊളിക്കുകയാണെന്നും എന്നാല്‍ രാമക്ഷേത്രം വീണ്ടും ഉയരുമെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്.

content highlights: Kangana moves Bombay HC as BMC begins demolition of her office

Content Highlights: