ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വെള്ളിയാഴ്ച കേരളത്തിൽ; കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ ശനിയാഴ്ചയെത്തും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് | Photo: ANI
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് | Photo: ANI

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തും. ഹൈക്കോടതിയിൽ നടക്കുന്ന ചടങ്ങിലും, കുമരകത്ത് കോമൺ വെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിലും പങ്കെടുക്കും. ഏഴ് വർഷത്തിന് ശേഷംകേരള ഹൈക്കോടതിയിൽ എത്തുന്ന ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രി പിണറായി വിജയനുമായി വേദിപങ്കിടും.

കേരള ഹൈക്കോടതിയിൽ പുതുതായി തയ്യാറാക്കിയ ഡിജിറ്റൽ ലൈബ്രറി, ഗവേഷണ കേന്ദ്രം, വിവിധ ഡിജിറ്റൽ കോടതികൾ തുടങ്ങിയവയുടെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് നിർവഹിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇതിനുമുമ്പ് കേരള ഹൈക്കോടതിയിലെത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഹൈക്കോടതിയുടെ സുവർണ ജൂബിലി ചടങ്ങിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു അന്ന് അദ്ദേഹം എത്തിയത്.

ഇത് ആദ്യമായാണ് ചീഫ് ജസ്റ്റിസും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദി പങ്കിടുന്നത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി രാജീവ് എന്നിവരും ഹൈക്കോടതിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. സുപ്രീം കോടതി ജഡ്ജി സി.ടി. രവികുമാർ, കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌, ഹൈക്കോടതി ജഡ്ജിമാരായ ഡോ. എ.കെ. ജയശങ്കർ നമ്പ്യാർ, വി. രാജാ വിജയ രാഘവൻ, നന്ദൻ നിലെകനി എന്നിവരും ചടങ്ങിൽ സംസാരിക്കും.

ഹൈക്കോടതിയുടെ ആർബിട്രേഷൻ സെന്റർ കേന്ദ്ര നിയമമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള ഹൈക്കോടതിയുടെ പുതിയ ആർബിട്രേഷൻ സെന്റർ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ശിയാഴ്ച ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യാതിഥിയായി പൊതുമരാമത്ത് വുകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌, കേരള ഹൈക്കോടതി ജഡ്ജിമാരായ പി.ബി. സുരേഷ് കുമാർ, ഡി.കെ. സിംഗ്, ലോക്സഭാംഗം ഹൈബി ഈഡൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കുമരകത്തെ സെമിനാറിൽ ചീഫ് ജസ്റ്റിസിന് പുറമെ 9 സുപ്രീം കോടതി ജഡ്ജിമാർ പങ്കെടുക്കും

കുമരകത്ത് കോമൺ വെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന സെമിനാറിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് പുറമെ 9 സുപ്രീം കോടതി ജഡ്ജിമാർ പങ്കെടുക്കും. ഞായറാഴ്ച നടക്കുന്ന സമാപന സെഷൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.ആർ. ഗവായ് ഉദ്ഘാടനം ചെയ്യും. കോമൺ വെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷന്റെ ചീഫ് പേട്രൺ ജസ്റ്റിസ് സൂര്യകാന്ത് ആണ്.

സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് സി.ടി. രവി കുമാർ, പി.എസ്. നരസിംഹ, ദിപാങ്കർ ദത്ത, അരവിന്ദ് കുമാർ, രാജേഷ് ബിന്ദാൽ, മനോജ് മിശ്ര, എൻ.കെ. സിംഗ് എന്നിവരും സെമിനാറിൽ പങ്കെടുക്കും. സീഷെൽസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  റോണി ഗോവിഡൻ ഉൾപ്പടെ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ജഡ്ജിമാരും വിവിധ സെഷനുകളിൽ പങ്കെടുക്കും. അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരും സെമിനാറിൽ പങ്കെടുക്കും.

Content Highlights: justice dy chandrachud and union minister arjun ram meghwal visit kerala