ATM ഫീസ്, ട്രെയിൻ ടിക്കറ്റ് നിരക്ക്, ക്രെഡിറ്റ് കാർഡ് ഫീസ്; ജൂലായ് 1 മുതലുള്ള ഈ മാറ്റങ്ങൾ അറിഞ്ഞോ?

ന്യൂഡല്‍ഹി: ജൂലായ് ഒന്നു മുതല്‍ രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കിലും ബാങ്കുകളുടെ വിവിധ സേവനങ്ങളുടെയും എടിഎം സേവന നിരക്കിലും ക്രെഡിറ്റ് കാര്‍ഡ് ഫീസിലും വലിയ മാറ്റങ്ങള്‍. തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിലും പുതിയ പാന്‍ കാര്‍ഡ് അപേക്ഷയുടെ കാര്യത്തിലും ആദായനികുതി റിട്ടേണിന്റെ കാര്യത്തിലും മാറ്റങ്ങളുണ്ട്. വ്യക്തിഗത നികുതിദായകരെയും എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളെയുമാണ് ഈ മാറ്റങ്ങള്‍ പ്രധാനമായം ബാധിക്കുക.
പാന്‍ കാര്‍ഡ് വേണോ? ആധാര്‍ നിര്‍ബന്ധം
ജൂലായ് ഒന്നുമുതല്‍ വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സേഷന്റെ പുതിയ നിയമപ്രകാരമാണിത്. ഇതുവരെ ഡ്രൈവിങ് ലൈസന്‍സ് പോലുള്ള സര്‍ക്കാര്‍ നല്‍കുന്ന ഏതെങ്കിലും സാധുവായ തിരിച്ചറിയല്‍ രേഖയും ജനന സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാമായിരുന്നു. നിലവിലുള്ള പാന്‍ ഉടമകള്‍ ഡിസംബര്‍ 31-നകം അവരുടെ ആധാര്‍ നമ്പറുകള്‍ ലിങ്ക് ചെയ്യുകയും വേണം. ഇക്കാര്യം പാലിച്ചില്ലെങ്കില്‍ നിലവിലുള്ള പാന്‍കാര്‍ഡ് നിര്‍ജീവമായേക്കും. ടാക്‌സ് ഫയല്‍ ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുന്നതിനും ഡിജിറ്റല്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും കൂടി ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരം. നികുതി വെട്ടിപ്പ് തടയാന്‍ ഇത് ഏറെ സഹായകമാകുമെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ പാന്‍ കാര്‍ഡുകള്‍ തടയുക എന്ന ലക്ഷ്യം കൂടിയാണ് ഈ ഉത്തരവിന് പിന്നില്‍. ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കാന്‍ അനുവാദമില്ല. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍, 10,000 രൂപ പിഴ ചുമത്താം.
തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്
തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഇനി ആധാര്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമായിരിക്കും. കൂടാതെ ജൂലായ് 15 മുതല്‍ ഓണ്‍ലൈനായോ നേരിട്ടോ ഉള്ള എല്ലാ ടിക്കറ്റ് ബുക്കിങ്ങിനും രജിസ്റ്റര്‍ ചെയ്ത ഫോണ്‍നമ്പറിലേക്ക് ഒറ്റത്തവണ അയക്കുന്ന പാസ്‌വേഡ് ഉള്‍പ്പെടെയുള്ള ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ആവശ്യമാണ്. അതേസമയം തത്കാല്‍ ബുക്കിങ് ആരംഭിച്ച് ആദ്യ അരമണിക്കൂറിന് ശേഷമേ ഏജന്റുമാര്‍ക്ക് ബുക്കിങ്ങിന് അവസരം ലഭിക്കൂ. എസി ക്ലാസ് തത്കാല്‍ ടിക്കറ്റുകള്‍ക്ക് 10 മുതല്‍ 10.30 വരെയും നോണ്‍ എസി വിഭാഗത്തില്‍ 11 മുതല്‍ 11.30 വരെയുമാണ് ഏജന്റുമാരെ വിലക്കിയത്.
ട്രെയിന്‍ ടിക്കറ്റ് നിരക്കിലും വര്‍ധന
ജൂലായ് ഒന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കിലെ വര്‍ധനവും നിലവില്‍ വരും. മെയില്‍, എക്‌സ്പ്രസ് നോണ്‍ എസി ടിക്കറ്റുകളില്‍ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓര്‍ഡിനറി തീവണ്ടികളുടെ നോണ്‍ എസി ടിക്കറ്റിന് കിലോമീറ്ററിന് അരപൈസ വര്‍ധനയുണ്ടാവും. എന്നാലിത്, ആദ്യത്തെ 500 കിലോമീറ്ററിന് ബാധകമാവില്ല. സബര്‍ബന്‍ തീവണ്ടികള്‍ക്കും സീസണ്‍ ടിക്കറ്റിനും വര്‍ധനയുണ്ടാവില്ല. അഞ്ചു വര്‍ഷത്തിനു ശേഷമാണ് നിരക്കില്‍ മാറ്റംവരുന്നത്. നേരത്തേയെടുത്ത ടിക്കറ്റുകള്‍ക്ക് നിരക്കുവര്‍ധന ബാധകമാവില്ല. ജിഎസ്ടി ബാധകമായ ടിക്കറ്റുകള്‍ക്ക് വര്‍ധനയ്ക്ക് ആനുപാതികമായി നികുതിയും കൂടും. റിസര്‍വേഷന്‍ നിരക്കോ സൂപ്പര്‍ഫാസ്റ്റ് സര്‍ച്ചാര്‍ജോ കൂടില്ല.
നിരക്ക് വര്‍ധന (എറ്റവും ചുരുങ്ങിയത്, രൂപയില്‍)
(പഴയത്, പുതിയത്)
* സ്ലീപ്പര്‍ (200 കിമീ) 145, 150
* തേര്‍ഡ് എസി-(300 കിമീ) 505, 510
* സെക്കന്‍ഡ് എസി(300 കിമീ) 710, 715
* എസി ചെയര്‍കാര്‍(150 കിമീ) 265, 270
* ചെയര്‍കാര്‍ (50 കിമീ)45, 45 രൂപ
(സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ സപ്ലിമെന്ററി നിരക്ക് 15 രൂപ മുതല്‍ 75 രൂപ വരെ അധികം വരും)
എക്‌സ്പ്രസ് (സ്ലീപ്പര്‍) നിരക്ക് (രൂപയില്‍)
(പഴയത്, പുതിയത്)
*തിരുവനന്തപുരം-കണ്ണൂര്‍ 290, 295
*തിരുവനന്തപുരം-ചെന്നൈ 460, 470
* തിരുവനന്തപുരം- ഡല്‍ഹി(കൊങ്കണ്‍) 945, 950
* തിരുവനന്തപുരം- ബെംഗളൂരു 430, 440
റിസര്‍വേഷന്‍ ചാര്‍ട്ട് 8 മണിക്കൂര്‍ മുമ്പ്
ട്രെയിനുകളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് ജൂലായ് ഒന്നുമുതല്‍ യാത്ര ആരംഭിക്കുന്നതിന് എട്ടു മണിക്കൂര്‍ മുമ്പ് പ്രസിദ്ധീകരിക്കും. ഇതുവരെ നാലു മണിക്കൂര്‍ മുമ്പാണ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നത്. ഇത് വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് മറ്റ് യാത്രാ ക്രമീകരണങ്ങള്‍ നടത്താന്‍ പരിമിതമായ സമയം നല്‍കുന്നു.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആധായനികുതി വകുപ്പ് സെപ്റ്റംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. ഇതോടെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ 46 ദിവസം കൂടി അധികമായി ലഭിക്കും. നേരത്തെ ജൂലൈ 31 വരെയായിരുന്നു അവസാന തീയതി. ഓഡിറ്റ് ചെയ്യേണ്ടതില്ലാത്തവര്‍ക്കാണ് ഇത് ഗുണം ചെയ്യുക. ശമ്പളക്കാര്‍, എന്‍ആര്‍ഐകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കാണ് സെപ്റ്റംബര്‍ 15 വരെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയം ലഭിക്കുക. അതേസമയം ഡോക്യുമെന്റേഷന്‍ തയ്യാറാക്കിയവര്‍ക്ക് പഴയ ഷെഡ്യൂളില്‍ ഉറച്ചുനില്‍ക്കാം. അതുവഴി സമയപരിധി അടുക്കുമ്പോള്‍ സാധാരണയായി സംഭവിക്കാവുന്ന വെബ്സൈറ്റ് തകരാറുകളും പിശകുകളും ഒഴിവാക്കാനും സാധിക്കും.
ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍
തിരഞ്ഞെടുത്ത പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകളിലെ സൗജന്യ വിമാന അപകട ഇന്‍ഷുറന്‍സ് പിന്‍വലിക്കുമെന്ന് എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിഐ കാര്‍ഡ് എലൈറ്റ്, മൈല്‍സ് എലൈറ്റ്, മൈല്‍സ് പ്രൈം തുടങ്ങിയ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ എസ്ബിഐ നല്‍കിവരാറുള്ള ഒരു കോടി രൂപയുടെ പരിരക്ഷ ഇനി ലഭിക്കില്ല. ക്രെഡിറ്റ് കാര്‍ഡുകളിലെ മിനിമം തുക കുടിശിക കണക്കാക്കുന്ന രീതിയിലും എസ്ബിഐ കാര്‍ഡ് മാറ്റം വരുത്തുന്നുണ്ട്. എസ്ബിഐ കാര്‍ഡ് പ്രൈം, എസ്ബിഐ കാര്‍ഡ് പള്‍സ് എന്നിവയില്‍ നല്‍കിയിരുന്ന 50 ലക്ഷം രൂപയുടെ ഈ ഇന്‍ഷുറന്‍സും ജൂലൈ 15 മുതല്‍ നിര്‍ത്തും.
എച്ച്ഡിഎഫ്‌സിയുംഐസിഐസിഐയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വിവിധ ഇടപാടുകളുടെ നിരക്കുകളും പരിഷ്‌കരിച്ചിട്ടുണ്ട്.
എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഒരു 4,999 രൂപയുടെ ഇടപാടുകളിലും ഒരു ശതമാനം ഇടപാട് ഫീസ് നല്‍കണം. മാത്രമല്ല എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക നല്‍കാനോ ഓണ്‍ലൈന്‍ അധിഷ്ഠിത ഗെയിമുകള്‍ക്കായി 10,000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കുകയോ ചെയ്യുകയാണെങ്കിലും ഒരു ശതമാനം ഫീസ് ഈടാക്കും. പ്രതിമാസം 50,000 രൂപയില്‍ കൂടുതലുള്ള യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ക്കും (ഇന്‍ഷുറന്‍സ് ഒഴികെ) ഒറ്റ ഇടപാടില്‍ 10,000 രൂപയില്‍ കൂടുതല്‍ ഡിജിറ്റല്‍ വാലറ്റുകളില്‍ ലോഡ് ചെയ്യുന്നതിനും ഇതേ ഒരു ശതമാനം ഫീസ് ബാധകമാകും.
ഐസിഐസിഐ ബാങ്കിന്റെ എടിഎം ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള സേവന നിരക്കുകളില്‍ മാറ്റമുണ്ട്. ഐസിഐസിഐ ബാങ്ക് എടിഎമ്മുകളില്‍ ആദ്യത്തെ അഞ്ചു തവണ പണം പിന്‍വലിക്കുന്നത് സൗജന്യമായി തന്നെ തുടരും. പിന്നീടുള്ള ഓരോ ഇടപാടിനും 23 രൂപവീതം ഈടാക്കും. എന്നാല്‍ സാമ്പത്തികേതര ഇടപാടുകള്‍ സൗജന്യമായി തുടരും.
ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ ബാങ്ക് ഇതര എടിഎമ്മുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ മെട്രോ നഗരങ്ങളില്‍ സൗജന്യ ഇടപാടുകളുടെ എണ്ണം മൂന്നായി പരിമിതപ്പെടുത്തി. ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഇത് അഞ്ചായും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ നിങ്ങള്‍ ഓരോ ഇടപാടിനും യഥാക്രമം 23 രൂപയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 8.50 രൂപയും നല്‍കണം. അന്താരാഷ്ട്ര എടിഎമ്മുകളിലെ ഇടപാടുകള്‍ക്ക്, പണം പിന്‍വലിക്കുന്നതിന് ബാങ്ക് 125 രൂപയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 25 രൂപയും 3.5 ശതമാനം കറന്‍സി കണ്‍വേര്‍ഷന്‍ ഫീസും ഈടാക്കും. ഐഎംപിഎസ് ഇടപാടുകളുടെ ചാര്‍ജിലും മാറ്റം വരുത്തി. 2.50 രൂപയില്‍ നിന്ന് 15 രൂപയായാണ് വര്‍ധിപ്പിച്ചത്.
ഇനി മുതല്‍ പ്രതിമാസം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ഡെപ്പോസിറ്റ് ചെയ്യുമ്പോള്‍ 150 രൂപ അല്ലെങ്കില്‍ ഓരോ 1000 രൂപ ഡെപ്പോസിറ്റിനും 3.50 രൂപ വീതം (ഏതാണോ കൂടിയത്) ഇടാക്കും.
ജിഎസ്ടി റിട്ടേണ്‍ ഇനി എഡിറ്റ് ചെയ്യാനാവില്ല
ജൂലൈ ഒന്നു മുതല്‍ ജിഎസ്ടിആര്‍3ബി സമര്‍പ്പിച്ചാല്‍ പിന്നീട് തിരുത്താനാവില്ല. അതിനാല്‍ ബിസിനസ്സുകള്‍ കൂടുതല്‍ ജാഗ്രതയോടെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.
Content Highlights: ATM fees, train ticket prices, credit card charges & more changing from July 1st