പ്രതികളെ വെറുതെവിട്ടു, അഹമ്മദാബാദിലും ജഡ്ജിയ്ക്കു നേരെ ചെരിപ്പേറ്

അഹമ്മദാബാദ്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്ക് നേരെയുണ്ടായ ചെരിപ്പേറിന് സമാനമായി ഗുജറാത്തിലും ജഡ്ജിയ്ക്ക് നേരെ ആക്രമണം. അഹമ്മദാബാദ് സെഷൻസ് കോടതിയിൽ ചൊവ്വാഴ്ച നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ജഡ്ജിക്ക് നേരെ ഒരാൾ ചെരിപ്പെറിഞ്ഞത്. താൻ നൽകിയ കേസിലെ പ്രതികളായ നാലു പേരെ വെറുതെവിട്ടതിൽ പ്രകോപിതനായാണ് ഇയാൾ ചെരിപ്പെറിഞ്ഞത്.
അപ്പീൽ തള്ളിയതിനെത്തുടർന്ന് പ്രകോപിതനായ വ്യക്തി ജഡ്ജിക്ക് നേരെ ചെരിപ്പെറിയുകയായിരുന്നുവെന്ന് കരഞ്ജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എച്ച്. ഭാട്ടി പിടിഐയോട് പറഞ്ഞു. കോടതി ജീവനക്കാർ പിടികൂടിയെങ്കിലും അയാൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് നിർദ്ദേശിച്ച് ജഡ്ജി അയാളെ വെറുതെ വിടുകയായിരുന്നുവെന്നും ഇൻസ്പെക്ടർ ഭാട്ടി കൂട്ടിച്ചേർത്തു.
1997-ലാണ് കേസിനാസ്പദമായ സംഭവം. ഗുജറാത്തിലെ ഗോമതിപുരിൽ ഏതാനും യുവാക്കൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ആ സമയത്ത് പച്ചക്കറി വാങ്ങാൻ പുറത്തിറങ്ങിയ ഹർജിക്കാരന്റെ ദേഹത്ത് പന്ത് തട്ടി. ഇത് വാക്കുതർക്കത്തിലും തുടർന്ന് കയ്യാങ്കളിയിലും കലാശിച്ചു.
ആയുധം ഉപയോഗിച്ച് ആക്രമിക്കൽ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി നാല് പേർക്കെതിരെ ഇയാൾ ഗോമതിപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
കുറ്റപത്രം സമർപ്പിക്കുകയും 2009-ൽ കേസ് മെട്രോ കോടതിയിൽ എത്തുകയും ചെയ്തു. കേസിന്റെ വിചാരണയ്ക്കൊടുവിൽ, 2017 ഫെബ്രുവരി 15-ന് കോടതി നാല് പേരെയും വെറുതെവിട്ടു. തുടർന്ന് 2017 മേയ് 19-ന് ഹർജിക്കാരൻ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ പരിഗണിച്ച ശേഷം സെഷൻസ് കോടതി കീഴ്ക്കോടതി വിധി ശരിവയ്ക്കുകയും 2025 ഒക്ടോബർ 13-ന് അപ്പീൽ തള്ളുകയും ചെയ്തു.
സെഷൻസ് കോടതിയുടെ വിധിയിൽ അസ്വസ്ഥനായ ഹർജിക്കാരൻ ഉച്ചത്തിൽ സംസാരിക്കുകയും കോടതിയിൽ മോശമായി പെരുമാറുകയും ചെയ്തു. ഇയാളെ ശാന്തനാക്കാൻ ശ്രമങ്ങൾ നടന്നു. എന്നിരുന്നാലും, ഇയാൾ പെട്ടെന്ന് ജഡ്ജിക്ക് നേരെ തുടർച്ചയായി ചെരിപ്പുകൾ എറിഞ്ഞു. ജഡ്ജി പരിക്കേൽക്കാതെ രക്ഷപ്പെട്ടു, കോടതി ജീവനക്കാരും പോലീസും ഉടൻ തന്നെ പരാതിക്കാരനെ പിടികൂടി. പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
സുപ്രീം കോടതിയിൽ വെച്ച് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്ക് നേരെ ചെരിപ്പേറുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് അഹമ്മദാബാദിലെ ഈ സംഭവം. ഒക്ടോബർ 6-ന് ചീഫ് ജസ്റ്റിസ് ഗവായ് അന്നത്തെ ആദ്യത്തെ കേസ് കേൾക്കാൻ തുടങ്ങിയപ്പോഴാണ് സംഭവം നടന്നത്. സുപ്രീം കോടതി അഭിഭാഷകർക്ക് നൽകുന്ന പ്രോക്സിമിറ്റി കാർഡ് ഉപയോഗിച്ചെത്തിയ രാകേഷ് കിഷോർ എന്ന അഭിഭാഷകൻ, പെട്ടെന്ന് തന്റെ ചെരിപ്പൂരി "സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല" എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ചെരിപ്പേറ്. ചെരിപ്പ് ബെഞ്ചിന് മുന്നിലാണ് വീണത്.
Content Highlights: An incident similar to the Supreme Court CJI slipper attack occurred in Ahmedabad where a judge was assaulted with a slipper by an agitated litigant. The accused was later released on the judge`s instruction.